ദോഹ: പ്രാർഥനകൾ നിറഞ്ഞ വ്രതവിശുദ്ധിക്കൊപ്പം പൈതൃകവും ആഘോഷവുമൊന്നിക്കുന്ന രാവുകളൊരുക്കി ഓർഡ് ദോഹ പോർട്ട് കാത്തിരിക്കുന്നു. ഖത്തറിന്റെ ആഘോഷങ്ങളിലെ പ്രധാന കേന്ദ്രമായി മാറിയ ഓൾഡ് ദോഹ പോർട്ട് പതിവു തെറ്റിക്കാതെ റമദാനെ വരവേൽക്കാൻ ഒരുങ്ങുകയാണിപ്പോൾ. പഴയകാല ആചാരങ്ങളും ഗൃഹാതുരമായ രുചികളും നോമ്പോർമകൾ പെയ്യുന്ന പരിപാടികളുമായി ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ.
ഇഫ്താർ സമയ അറിയിപ്പുമായെത്തുന്ന പീരങ്കിമുഴക്കം മുതൽ ഭക്ഷ്യമേള, മുസാഹർ അൽ മിന, ഗരങ്കാവൂ നൈറ്റ് തുടങ്ങി നിറയെ ഉത്സവ നാളുകൾക്ക് ഓൾഡ് പോർട്ട് വേദിയൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.
മിന പാർക്കിലെ കണ്ടെയ്നർ യാഡിലാണ് ദിവസവും വൈകീട്ട് ഇഫ്താർ സമയ അറിയിപ്പുമായി പീരങ്കി മുഴക്കം ഒരുക്കുന്നത്. സന്ദർശകർക്ക് നാടിന്റെ പൈതൃക കാഴ്ചയൊരുക്കുന്ന ദൃശ്യം റമദാനിലുടനീളം നീണ്ടുനിൽക്കും.
വിസിറ്റ് ഖത്തറുമായി ചേർന്ന് റമദാനിലെ രാത്രികളിൽ ഭക്ഷ്യമേള. പ്രാദേശിക റസ്റ്റാറന്റുകളും കഫേകളും പങ്കെടുക്കുന്ന മേള പഴയകാല രുചിപ്പെരുമയാണ് കൂടുതലും വാഗ്ദാനം ചെയ്യുന്നത്.
രാത്രി ഇരുട്ടുന്നതോടെ അത്താഴം വിളിച്ചുകൊണ്ട് മുസാഹറുമാണ് മുട്ടും പാട്ടുമായി ഇറങ്ങും. പഴയകാല രീതികളെ പുതുലോകത്തിന് പരിചയപ്പെടുത്തുകയാണ് മുസാഹർ യാത്ര. രാത്രി 10 മുതൽ ആരംഭിക്കും.
കായിക ആവേശവുമായി എക്ബസ് ബീച്ച് വോളി ചാമ്പ്യൻഷിപ് മാർച്ച് ആറിന് തുടങ്ങും. 14 വരെ നീണ്ടുനിൽക്കുന്ന മത്സരങ്ങൾ രാത്രി എട്ടിനും 10.30നുമിടയിലാണ്.
റമദാൻ 14ന്റെ ഗരംങ്കാവോ ആഘോഷത്തിന്റെ പ്രധാന വേദിയായി ഇവിടം മാറും. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി നടത്തുന്ന സാംസ്കാരിക വിനോദ പരിപാടികൾക്ക് വൈകീട്ട് ആറിന് തുടക്കമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.