വോട്ട് അധികാർ യാത്രക്ക് ഒ.ഐ.സി.സി ഇൻകാസ് സെൻട്രൽ കമ്മറ്റി ഐക്യദാർഢ്യം
പ്രഖ്യാപിച്ചപ്പോൾ
ദോഹ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രയുടെ പരിസമാപ്തിക്ക് പിന്തുണയുമായി ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ഭാരവാഹികൾ തുമാമ ഭാരത് ടേസ്റ്റ് റെസ്റ്റാറന്റിൽ പ്രത്യേക യോഗം ചേർന്നു. രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനപരമായ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് ജനകീയ ശക്തികളെ ഒന്നിപ്പിക്കുന്ന മഹത്തായ രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനമായാണ് വോട്ട് അധികാർ യാത്രയെ കാണേണ്ടതെന്ന് അധ്യക്ഷ പ്രസംഗത്തിൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ജൂട്ടസ്പോൾ അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള ഈ യാത്ര ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ ഒ.ഐ.സി.സി ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വോട്ട് അധികാർ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രവാസി സമൂഹം ജനാധിപത്യത്തിന്റെയും നീതിന്യായത്തിന്റെയും ശാക്തീകരണത്തിന് ഒരിക്കലും പിന്നോട്ടില്ലെന്ന് അവർ വ്യക്തമാക്കി. പ്രവാസികൾ എത്ര ദൂരെയായാലും രാജ്യത്തിന്റെ ജനാധിപത്യ സുരക്ഷക്കായി നടക്കുന്ന എല്ലാ പ്രക്രിയകളിലും ആത്മാർഥമായ പങ്കാളികളാണെന്നും വോട്ട് അധികാർ യാത്ര ഇന്ത്യയുടെ ജനകീയ ശബ്ദത്തെ ശക്തിപ്പെടുത്തുന്ന മഹത്തായ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നതെന്നും ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ സ്വാഗത പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ട്രഷറർ ജോർജ് അഗസ്റ്റിൽ നന്ദി പറഞ്ഞു.
യോഗത്തിൽ ഉപദേശക സമിതി ചെയർമാൻ ജോൺ ഗിൽബർട്ട്, വർക്കിങ് പ്രസിഡന്റുമാരായ നാസർ വടക്കേക്കാട്, ജീസ് ജോസഫ്, വൈസ് പ്രസിഡന്റുമാരായ നിയാസ് ചെരുപ്പത്ത്, സലീം ഇശ്ശേരി, ഷംസുദ്ദീൻ ഇസ്മായിൽ, ജന. സെക്രട്ടറിമാരായ മുജീബ്, ലിജു മാമ്മൻ, യൂത്ത് വിങ് ജനറൽ സെക്രട്ടറി ജംനാസ് എന്നിവരടക്കം സെൻട്രൽ കമ്മറ്റി ഭാരവാഹികളും വിവിധ ജില്ല കമ്മിറ്റി പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.