ജസീം പി.കെ , ടെൻറിൽ നോമ്പുതുറക്കുന്നവർ ഫയൽ ചിത്രം
ഗൾഫിലുള്ളവർക്ക് റമദാനിൽ ഭക്ഷണം കിട്ടാതാകില്ല എന്നത് കേവലമൊരു പറച്ചിൽ മാത്രമല്ല. അത് സത്യമാണെന്നു കഴിഞ്ഞ എട്ടു വർഷങ്ങളിലായി അനുഭവിച്ചറിഞ്ഞതാണ്. അതി കഠിനമായ ചൂടും ഇടവിട്ട് കാണുന്ന റമദാൻ ടെൻറുകളും ഗൾഫിലെ റമദാനിെൻറ പ്രത്യേകതയാണ്. ഒരു റമദാനിൽ ടെൻറിൽ പോയി നോമ്പ് തുറന്നിട്ടുണ്ട്. എയർ കണ്ടീഷൻ ചെയ്ത സാമാന്യം വലിയ ടെൻറാണെങ്കിലും ധാരാളം ആളുകൾ വരുന്നതുകൊണ്ട് പെട്ടെന്ന് നിറയും. ബാങ്ക് വിളിക്കുന്ന സമയം വരെ സകലരും പ്രാർഥനയിൽ മുഴുകും.
ഇന്ത്യക്കാരനും പാകിസ്താനിയും ശ്രീലങ്കക്കാരനും നേപ്പാളിയും ബംഗാളിയും സുഡാനിയും ഒന്നിച്ചിരുന്നു ഏറെ ആസ്വദിച്ചു ഭക്ഷണം പങ്കിട്ടുകഴിക്കുന്നു. വലിയ ബഹളങ്ങളില്ല, ഭക്ഷണത്തിെൻറ മാഹാത്മ്യം പറഞ്ഞു താരതമ്യപ്പെടുത്തലില്ല. ഒാരോരുത്തരും മറ്റുള്ളവനും കൂടി തൃപ്തനാണ് എന്നുറപ്പുവരുത്തുന്നു. അനന്തരം തങ്ങളെ നോമ്പ് തുറപ്പിച്ചവന് വേണ്ടി പടച്ചവനോട് പ്രാർഥിച്ച് നമസ്കാരത്തിലേക്കു കടക്കുന്നു. പരിശുദ്ധ റമദാൻ ഗൾഫിലെ വിദേശികൾക്ക് അത്ര വലിയ പ്രയാസങ്ങൾ അനുഭവപ്പെടാത്ത മാസങ്ങളായിരുന്നു കഴിഞ്ഞ വർഷം വരെ. അപ്രതീക്ഷിതമായി വന്ന കോവിഡ് കഴിഞ്ഞ റമദാനിൽ കാര്യങ്ങൾ തകിടംമറിച്ചു.
ഈ റമദാനിൽ എത്തി നിൽക്കുമ്പോൾ കോവിഡ് രൂപവും ഭാവവും മാറി നമ്മളോടൊപ്പം നിൽക്കുന്നുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന ഭയം നിലനിൽക്കുന്നു. തിരിച്ചുവരവിന് പ്രയാസമുണ്ടാകുമോ എന്ന ആശങ്കയാൽ പലരും നാട്ടിൽപോകാതെ പിടിച്ചുനിൽക്കുന്നു. റമദാൻ ടെൻറുകൾ ഇത്തവണയും ഇല്ല. നോമ്പ് തുറക്കാനുള്ള ഭക്ഷണംപോലും കിട്ടാത്ത, ചോദിച്ച് വാങ്ങാൻ മടിയുള്ള, പ്രയാസപ്പെടുന്ന ഒരുപാട് പേരുണ്ട്. അവരെ കണ്ടെത്തി സഹായം ചെയ്യാനാകണം നമുക്കോരോരുത്തർക്കും. ഈ വേനലിൽ അവർക്കുമേൽ കാരുണ്യത്തിെൻറ പുതപ്പാകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.