ദോഹ: റമദാനിൽ നോമ്പെടുക്കുന്ന കുട്ടികളുടെ ആരോഗ്യകാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. പൊതുവേ നോമ്പെടുക്കുന്നതുകൊണ്ട് കുട്ടികൾക്ക് പ്രശ്നങ്ങളുണ്ടാകില്ല. എന്നാൽ, നിർജലീകരണം, രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുക തുടങ്ങിയവ നോമ്പെടുക്കുന്ന ചില കുട്ടികളിൽ കണ്ടുവരാറുണ്ട്. രക്ഷിതാക്കൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ സൂപ്പർവൈസർ ഫത്മ സൂഖി പറഞ്ഞു.
കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ നോമ്പെടുക്കണമെന്നത് നിർബന്ധകാര്യമല്ല. എന്നാൽ, റമദാനിൽ കുട്ടികൾ മുതിർന്നവർക്കൊപ്പം നോമ്പെടുക്കുന്നതിന് കൂടുതൽ തൽപരരാണ്. നോമ്പെടുക്കുന്ന കുട്ടികൾ കൂടുതൽ സമയം ഉറങ്ങണം. ഇഫ്താർ, സുഹൂർ സമയങ്ങളിൽ പോഷകങ്ങളടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ അവർക്ക് പ്രചോദനം നൽകണമെന്നും അവർ രക്ഷിതാക്കളോടാവശ്യപ്പെട്ടു.
ആദ്യമായി നോമ്പെടുക്കുന്ന കുട്ടികളാണെങ്കിൽ സുഹൂർ വൈകിപ്പിക്കുന്നതാണ് ഉത്തമം. കുഞ്ഞുകുട്ടികളാണെങ്കിൽ ദിവസവും കുറഞ്ഞ സമയങ്ങളിൽ നോമ്പനുഷ്ഠിക്കാൻ അവരെ അനുവദിക്കണം. പിന്നീട് നോമ്പിെൻറ സമയം ദീർഘിപ്പിക്കാം. സുഹൂറിെൻറ സമയങ്ങളിൽ പോഷക സമ്പുഷ്ടവും നാരുകളടങ്ങിയതുമായ ഭക്ഷണങ്ങളും പഴം, പച്ചക്കറികളും ഉൾപ്പെടുത്തണം. കൂടുതൽ വെള്ളംകുടിക്കാൻ കുട്ടികളെ േപ്രാത്സാഹിപ്പിക്കണം.
ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെ ഉപയോഗം കുറക്കാനും അവരെ ബോധവത്കരിക്കണം. കുട്ടികളിലുണ്ടാകുന്ന നിർജലീകരണം രക്ഷിതാക്കളുടെ ശ്രദ്ധയിലുണ്ടായിരിക്കണം. ഇത് ഏറ്റവും പ്രധാനമാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതിൽനിന്നും അവരെ തടയണം. ഉദരസ്തംഭനം, ദഹനക്കേട്, പൊണ്ണത്തടി എന്നിവക്ക് അമിതഭക്ഷണം കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.