ദോഹ: ഖത്തറിലെ മികച്ച പ്രാദേശിക ഈന്തപ്പഴ ഇനങ്ങളെ നേരിട്ട് അറിയാനും രുചിക്കാനും അവസരമൊരുക്കി സൂഖ് വാഖിഫ് പ്രാദേശിക ഈത്തപ്പഴ മേള ജൂലൈ 25 മുതൽ ആരംഭിക്കും. ഖത്തറിന്റെ പരമ്പരാഗത കാർഷിക പൈതൃകത്തെ പ്രദർശിപ്പിക്കുന്നതിനും പ്രാദേശിക കർഷകർക്ക് പിന്തുണ നൽകുന്നതിനും ലക്ഷ്യമിട്ടാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. മികച്ച ഇനം റുതബ് ഈത്തപ്പഴങ്ങളുടെ വിപുലമായ ശേഖരം മേളയിൽ ലഭ്യമാകും.
മേളയിൽ കുടുംബങ്ങൾക്കും സന്ദർശകർക്കുമായി വൈവിധ്യമാർന്ന അനുഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മേള സന്ദർശിക്കുന്നവർക്ക് ഖത്തറിൽ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന വിവിധ ഇനം ഈത്തപ്പഴങ്ങൾ പരിചയപ്പെടാനും കർഷകരുമായി നേരിട്ട് സംവദിക്കാനും പരമ്പരാഗത കൃഷിരീതികളെക്കുറിച്ച് മനസ്സിലാക്കാനും അവസരമുണ്ടാകും.
സൂഖ് വാഖിഫ് ഈസ്റ്റേൺ സ്ക്വയറിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മേള ആഗസ്റ്റ് 10 വരെ നീണ്ടുനിൽക്കും. ഞായർ മുതൽ വ്യാഴം വരെ വൈകിട്ട് 4 മുതൽ രാത്രി 9 വരെയും, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രി 10 വരെയുമാണ് സന്ദർശന സമയം. പ്രാദേശിക കർഷകർ ഉൽപാദിപ്പിച്ച വിവിധ ഇനം ഈത്തപ്പഴങ്ങൾ പരിചയപ്പെടാനും വാങ്ങാനുമുള്ള അവസരമാണ് മേളയിലൂടെ ലഭ്യമാകുക. 100ഓളം പ്രാദേശിക ഫാമുകളിൽനിന്നുള്ള വൈവിധ്യമാർന്ന ഈത്തപ്പഴ ശേഖരമാണ് മേളയുടെ ആകർഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.