ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡിക്ക് അപെക്സ് ബോഡി ഭാരവാഹികൾ പൂച്ചെണ്ട് നൽകുന്നു
പുതിയ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡിക്ക് ദോഹയിൽ ഊഷ്മള സ്വീകരണം
ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കളിത്തം ശക്തിപ്പെടുത്തുന്നതിന് പ്രാധാന്യം നൽകുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി. പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റ ഡോ. കെ. ശ്രീകർ റെഡ്ഡിക്ക് ദോഹയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഖത്തറിലെ എട്ടുലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് മുൻഗണന നൽകുമെന്നും, സാധാരണക്കാരായ തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് എംബസിയെ എപ്പോഴും ആശ്രയിക്കാമെന്നും അംബാസഡർ വിശദീകരിച്ചു.
ദീർഘകാലമായി നിലനിൽക്കുന്ന ഇന്ത്യ -ഖത്തർ സൗഹൃദ ബന്ധങ്ങൾ വിശദീകരിച്ച അ്ദദേഹം, ഖത്തറും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും, ഊർജം, എ.ഐ, ഡിജിറ്റൽ രംഗം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുമെന്നും വ്യക്തമാക്കി. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പ്രത്യേക പരിഗണനക്കും പിന്തുണയ്ക്കും അമീറിനും ഖത്തരി ഭരണകൂടത്തിനും ജനങ്ങൾക്കും ഡോ. റെഡ്ഡി നന്ദി പറഞ്ഞു.
ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (ഐ.ബി.പി.സി) എന്നീ അപക്സ് ബോഡികൾ സംയുക്തമായാണ് സ്വീകരണം നൽകിയത്.
ഐ.സി.സി അശോകാ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവർ ഡോ. കെ. ശ്രീകർ റെഡ്ഡിക്ക് ആശംസകൾ നേർന്നു. അപക്സ് ബോഡികളുടെ ഭാരവാഹികൾ, അനുബന്ധ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ അംബാസഡറെ പൊന്നാട അണിയിച്ച് ആദരിച്ചു. ഖത്തറിലെ പ്രവാസി സമൂഹം നൽകിയ ഊഷ്മളമായ സ്വീകരണത്തിന് അംബാസഡർ നന്ദി അറിയിച്ചു.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ, വിവിധ അപക്സ് ബോഡികളുടെ മാനേജിങ് കമ്മിറ്റി, അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ, അനുബന്ധ സംഘടനാ പ്രസിഡന്റുമാർ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാർ, സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിൽ ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.