മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ മെഗാ ലോഞ്ച് സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ വിശദീകരിക്കുന്നു
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതു കൂട്ടായ്മയായി രൂപവത്കരിച്ച മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ (മജസ്റ്റിക്-മലപ്പുറം) മെഗ ലോഞ്ച് വ്യാഴം, വെള്ളി തീയതികളിലായി ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച ഏഴുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തോട് കൂടിയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ എം. സ്വരാജ് , കെ.എൻ.എ. ഖാദർ, ആലങ്കോട് ലീലാകൃഷ്ണൻ, ആര്യാടൻ ഷൗക്കത്ത് എന്നിവർ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കും.
‘മലപ്പുറം ജില്ലാ വികസനം: വർത്തമാനം, ഭാവി’, ‘മലപ്പുറം: സാംസ്കാരിക സമ്പന്നത, പാരമ്പര്യം’, ‘സ്വാതന്ത്ര്യ സമരത്തിലെ മലപ്പുറം ഗാഥകൾ’, ‘കേരളീയ ബഹുസ്വരത- മലപ്പുറത്തിന്റെ മുദ്രകൾ’ തുടങ്ങിയ വിഷയങ്ങളിൽ സാംസ്കാരിക സമ്മേളനം ദോഹയിലെ സാംസ്കാരിക സമൂഹത്തിന് പുതിയ അനുഭവവും ജില്ലയുടെ വികസന സൗഹൃദ വിനിമയങ്ങളിൽ പ്രവാസ ലോകത്ത് നിന്നുള്ള മികച്ച സംഭവനയുമായിരിക്കും.
വെള്ളിയാഴ്ച നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ സംഘടനയുടെ പ്രഖ്യാപനം നിർവഹിക്കും. മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷതവഹിക്കും. വിവിധ അപെക്സ് ബോഡി പ്രസിഡന്റുമാർ, ചെയർമാൻ അഷ്റഫ് ചിറക്കൽ, മെഗാ ലോഞ്ച് സ്വാഗതസംഘം ചെയർമാൻ ഹൈദർ ചുങ്കത്തറ, ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ, ട്രഷറർ ജിതിൻ ചക്കൂത്ത് എന്നിവർ സംസാരിക്കും.തുടർന്ന് ഗായിക സിതാര കൃഷ്ണകുമാർ നയിക്കുന്ന പ്രോജക്ട് മലബാറിക്കസ് ബാൻഡിന്റെ കലാസന്ധ്യയും അരങ്ങേറും. ദോഹയിലെ കലാപ്രതിഭകൾ അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും ഔദ്യോഗിക പരിപാടികൾക്ക് മുന്നോടിയായി നടക്കും. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ സ്നേഹ സൗഹൃദ ഇടമായും ക്ഷേമം ഉറപ്പിക്കുന്നതിനും രൂപവത്കരിച്ച സംഘടനയിൽ ആയിരത്തിലധികം രജിസ്റ്റർ ചെയ്ത അംഗങ്ങളുണ്ട്. ലോഞ്ചിങ്ങിനെ തുടർന്ന് വൈവിധ്യമാർന്ന പരിപാടികളും പദ്ധതികളും സംഘടന ആസൂത്രണം ചെയ്യുന്നുണ്ട് . വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് നിഹാദ് അലി, ചെയർമാൻ അഷറഫ് ചിറക്കൽ, സ്വാഗതസംഘം ചെയർമാൻ ഹൈദർ ചുങ്കത്തറ, ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ, ട്രഷറർ ജിതിൻ ചക്കൂത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.