ദോഹ: ജൂലായ് 17ന് നടക്കുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഖത്തറിലെ പരീക്ഷാ കേന്ദ്രമായി എം.ഇ.എസ് ഇന്ത്യൻ സ്കൂളിനെ തെരഞ്ഞെടുത്തു.
ടെസ്റ്റിങ് ഏജൻസി പുറത്തുവിട്ട പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയുടെ അടിസ്ഥാനത്തിൽ ഖത്തറിലെ ഇന്ത്യൻ എംബസിയാണ് കേന്ദ്രം സംബന്ധിച്ച് വിവിരങ്ങൾ അറിയിച്ചത്. ജൂലായ് 17ന് രാവിലെ 11.30 മുതൽ ഉച്ച 2.50 വരെയാണ് പരീക്ഷ.
990601 എന്നതാണ് സെന്റർ നമ്പർ. സെന്റർ കോഡ്: NTA-EC-O-18750.
ഇതാദ്യമായാണ് ഖത്തറിൽ നീറ്റ് പരീക്ഷകേന്ദ്രം അനുവദിക്കുന്നത്. കഴിഞ്ഞ വർഷം കുവൈത്തിലും ദുബൈയിലും കേന്ദ്രം അനുവദിച്ചിരുന്നു. തുടർന്ന്, രക്ഷിതാക്കളുടെയും നയതന്ത്ര പ്രതിനിധികളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും ഇടപെടലിനെ തുടർന്നാണ് ഇത്തവണ ഖത്തർ, ഒമാൻ, സൗദി, ബഹ്റൈൻ ഉൾപ്പെടെ ആറ് ജി.സി.സി രാജ്യങ്ങളിലായി എട്ട് കേന്ദ്രങ്ങൾ അനുവദിക്കാൻ തീരുമാനമായത്.
വർഷങ്ങളായുള്ള ആവശ്യം അംഗീകരിക്കപ്പെട്ടതോടെ നാട്ടിലെത്തി പരീക്ഷയെഴുതുക എന്ന വെല്ലുവിളി ഒഴിവായ ആശ്വാസത്തിലാണ് വിദ്യാർഥികൾ.
പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുള്ള മാർഗനിർദേശങ്ങളും അധികൃതർ പുറത്തുവിട്ടു. രജിസ്റ്റർ ചെയ്തവർക്ക് അഡ്മിറ്റ് കാർഡ് നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ https:neet.nta.nic.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം.
മാർഗനിർദേശങ്ങൾ അഡ്മിറ്റ് കാർഡിലുണ്ടാകും.
അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖകളും ഉള്ളവരെ മാത്രമേ രജിസ്ട്രേഷൻ ഭാഗത്തേക്ക് പ്രവേശിപ്പിക്കൂ. സുരക്ഷ പരിശോധനയും കോവിഡ് പശ്ചാത്തലത്തിൽ ശരീര താപനില പരിശോധനയുമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 4457288, 55865725 നമ്പറിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂളുമായി ബന്ധപ്പെടാവുന്നത്.
രാവിലെ എട്ട് മുതൽ ഉച്ച മൂന്നു മണിവരെയുള്ള സമയത്തിനുള്ളിൽ ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരിക്കാം. principal@mesqatar.org എന്ന വിലാസത്തിൽ ബന്ധപ്പെട്ടും വിവരങ്ങൾ അറിയാം.
രക്ഷിതാക്കളെയും കൂടെവന്നവരെയും പ്രവേശിപ്പിക്കില്ല. അഡ്മിറ്റ് കാർഡിലെ മാർഗനിർദേശപ്രകാരം അനുവദിച്ച വസ്തുക്കൾ മാത്രമേ പരീക്ഷ കേന്ദ്രത്തിൽ കൊണ്ടുവരാവൂ.
മാസ്ക്, ഗ്ലൗസ്, സുതാര്യമായ വെള്ളക്കുപ്പി, ഹാൻഡ് സാനിറ്റൈസർ (50 എം.എൽ) എന്നിവക്കൊപ്പം അഡ്മിറ്റ് കാർഡ് ഉൾപ്പെടെയുള്ള രേഖകൾ എന്നിവ മാത്രമേ പരീക്ഷ ഹാളിൽ അനുവദിക്കൂ.
ഫോട്ടോ പതിച്ച അഡ്മിറ്റ് കാർഡ്, ഒറിജിനൽ ഗവ. ഐ.ഡി പ്രൂഫ് എന്നിവർ നിർബന്ധം. പരീക്ഷ സംബന്ധമായ മാർഗനിർദേശങ്ങൾ അഡ്മിറ്റ് കാർഡിൽ വിശദീകരിച്ചിട്ടുണ്ട്.
നാഷനൽ ടെസ്റ്റിങ് ഏജൻസി നിശ്ചയിച്ച ഡ്രസ് കോഡ് ബാധകം.
ഒ.എം.ആർ ഷീറ്റിൽ കറുത്ത ബാൾ പോയന്റ് പേനകൊണ്ട് ഉത്തരം അടയാളപ്പെടുത്തണം.
പരീക്ഷസമയം കഴിയാതെ പുറത്തുവിടില്ല.
പരീക്ഷ കേന്ദ്രത്തിന് അകത്തോ പുറത്തോ പാർക്കിങ് സൗകര്യം ഉണ്ടാകില്ല. പരീക്ഷാർഥികളെ ഗേറ്റിൽ ഇറക്കണം.
വിദ്യാർഥികൾ രജിസ്ട്രേഷൻ ഡെസ്കിൽ രക്ഷിതാക്കളുടെ അടിയന്തര കോൺടാക്ട് നമ്പർ നൽകണം.
www.nta.ac.in, https:nta.nic.in എന്നീ വെബ്സൈറ്റുകളിൽ അപ്ഡേറ്റ്സ് നോക്കണം
ഇ-മെയിൽ, എസ്.എം.എസ് അറിയിപ്പുകളും ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.