ദോഹ: 2025ലെ പുതിയ സെമസ്റ്റർ ബിരുദ കോഴ്സുകളിലേക്ക് 6,000ത്തോളം വിദ്യാർഥികൾക്ക് പ്രവേശനം നൽകിയതായി ഖത്തർ യൂനിവേഴ്സിറ്റി അധികൃതർ അറിയിച്ചു. 2025ലെ സെമസ്റ്റർ ആഗസ്റ്റ് 24ന് ആരംഭിക്കും. ഇതിൽ മറ്റു സർവകലാശാലകളിൽനിന്ന് മാറ്റത്തിനായി അപേക്ഷിച്ചവരും രണ്ടാം ബിരുദ കോഴ്സിന് ശ്രമിക്കുന്നവരും പുതിയ അപേക്ഷകരും ഉൾപ്പെടെയുള്ളവരാണ് ഇത്രയും വിദ്യാർഥികൾ അഡ്മിഷനെടുത്തത്. ഇവരിൽ 70 ശതമാനം ഖത്തർ പൗരന്മാരാണ്.
വൈവിധ്യമാർന്ന അക്കാദമിക് പ്രോഗ്രാമുകളും സ്പെഷലൈസേഷനുകളും വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനത്തിൽ പഠനം നടത്താൻ പുതിയ വിദ്യാർഥികൾക്ക് അവസരം ലഭിക്കുമെന്ന് ഖത്തർ യൂനിവേഴ്സിറ്റി വിദ്യാർഥി കാര്യങ്ങളുടെ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ദിയാബ് പറഞ്ഞു. അക്കാദമിക മേഖലക്കപ്പുറം വിദ്യാർഥികളുടെ കഴിവുകളും വ്യക്തിത്വ വികാസത്തിനും ഉതകുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിദ്യാർഥികളും യൂനിവേഴ്സിറ്റി വെബ്സൈറ്റിൽ തങ്ങളുടെ അക്കൗണ്ടുകൾ വഴി പ്രവേശനം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഗസ്റ്റ് 17 മുതൽ യൂനിവേഴ്സിറ്റി സേവനങ്ങളും നയങ്ങളും സംബന്ധിച്ച ഓറിയന്റേഷൻ പ്രോഗ്രാം വിദ്യാർഥികൾക്കായി സംഘടിപ്പിക്കും. പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് ഓറിയന്റേഷൻ സംബന്ധിച്ച വിശദാംശങ്ങളും ലിങ്കുകളും ഇമെയിൽ വഴി അറിയിക്കും. പ്രവേശനം ലഭിച്ചതും രജിസ്റ്റർ ചെയ്തതുമായ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വിവരങ്ങൾ ആഗസ്റ്റ് 14ന് പ്രഖ്യാപിക്കും. എക്സലൻസ് സ്കോളർഷിപ്പുകൾ, അമീറിന്റെ അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പുകൾ, ജി.സി.സി പൗരന്മാർക്കായി ഖത്തർ ഹൈസ്കൂൾ സർട്ടിഫിക്കറ്റ് സ്കോളർഷിപ്പുകൾ, ഖത്തർ യൂനിവേഴ്സിറ്റി ജീവനക്കാരുടെ മക്കൾക്കുള്ള സ്കോളർഷിപ്പുകൾ എന്നിവ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.