ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച ഖത്തർ നാഷനൽ പ്രോഡക്ട് വീക് യൂസുഫ് ഖാലിദ് അൽ ഖുലൈഫി ഉദ്ഘാടനം ചെയ്യുന്നു.
ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് ഉൾപ്പെടെ പ്രമുഖർ സമീപം
ദോഹ: ഖത്തരി ഉൽപന്നങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ദേശീയ ഉൽപന്ന വിപണന വാര’ത്തിന് തുടക്കമായി. ഖത്തർ വാണിജ്യ മന്ത്രാലയവുമായി സഹകരിച്ചാണ് വിവിധ പ്രാദേശിക ഉൽപന്നങ്ങളുടെ വിൽപനയുമായി ‘നാഷനൽ പ്രോഡക്ട് വീക്’ തുടങ്ങിയത്. ഡിസംബർ ആറുവരെ നീളുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം മുനിസിപ്പാലിറ്റി മന്ത്രാലയം കാർഷിക വിഭാഗം ഡയറക്ടർ യൂസുഫ് ഖാലിദ് അൽ ഖുലൈഫി നിർവഹിച്ചു.
വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ നാഷനൽ പ്രോഡക്ട് വിഭാഗം ഡയറക്ടർ സൈഫ് ജാസിം അൽ കുവാരി, ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, ഖത്തർ സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപന മേധാവികൾ, ലുലു മാനേജ്മെന്റ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു. ഭക്ഷ്യ, ഭക്ഷ്യേതര വിഭാഗങ്ങളിലായി വിപുലമായ ശേഖരവുമായാണ് പ്രദേശിക ഉൽപന്നങ്ങളുടെ മേളക്ക് തുടക്കം കുറിച്ചത്.
ഖത്തർ നാഷനൽ പ്രോഡക്ട് വീക്കിൽനിന്ന്
ഖത്തറിന്റെ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന ഒരുപിടി ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ലഭ്യമാവും. പ്രാദേശിക ഉൽപാദകർക്കും കർഷകർക്കും പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി 2010 മുതൽ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ആരംഭിച്ച വിപണന മേളക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
പച്ചക്കറികൾ, ഔഷധങ്ങൾ, കോഴി ഇറച്ചി, മുട്ട, വിവിധ ഇറച്ചികൾ, പാൽ, ഫ്രോസൺ ഫുഡ്സ്, ബേക്കറി ഉൽപന്നങ്ങൾ, ഗ്രോസറി, ബ്യൂട്ടി ഉൽപന്നങ്ങൾ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിലെ പ്രാദേശിക വിഭാഗങ്ങൾ അണിനിരക്കുന്നു. ഗുണമേന്മയും ന്യായമായ വിലയുമുള്ള ഒരുപിടി പ്രാദേശിക ഉൽപന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള അവസരമാണിതെന്ന് സൈഫ് അൽ കുവാരി പറഞ്ഞു.
ഓരോ വർഷവും കമ്പനികളുടെയും ഫാമുകളുടെയും പങ്കാളിത്തം വർധിക്കുന്നു. നിലവിൽ 77 ഫാമുകൾ ലുലുവുമായി കൈകോർക്കുന്നത് അഭിനന്ദനാർഹമാണ് -അദ്ദേഹം പറഞ്ഞു.
ഓരോ വർഷവും ഈ വ്യാപാര മേള കൂടുതൽ സജീവവും ശ്രദ്ധേയവുമായി മാറുകയാണെന്നും പ്രാദേശിക ഉൽപാദനത്തിൽ ഖത്തർ വളരുന്നതായും ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. ബലദ്ന, മസാർട്ടി, ഡാൻഡി, അൽ മഹ, ക്യൂ ബേക്, റവ, ക്യൂ.എഫ്.എം, റയാൻ, ഖത്തർ പഫ്കി, പേൾ തുടങ്ങി നിരവധി ഖത്തരി ബ്രാൻഡുകളും അൽ റയാൻ, നബതി, അൽ ഫർദാൻ റീജനൽ അഗ്രി, അഗ്രികോ, സിംസിമ, ഉംഗർന് തുടങ്ങി 25ഓളം പ്രാദേശിക ഫാമുകളും ലുലുവിലെ പ്രമോഷനിൽ പങ്കാളികളാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.