ദോഹ: കലയും ആശയവുമെല്ലാം ഒന്നിക്കുന്ന മനോഹരമായ അറബിക് കാലിഗ്രഫി എഴുതാൻ കഴിവുണ്ടോ നിങ്ങൾക്ക്..? എങ്കിൽ, മികവ് തെളിയിക്കാൻ അവസരമൊരുക്കുകയാണ് ഖത്തർ നാഷനൽ ലൈബ്രറി. അറബിക് കാലിഗ്രഫിയുടെ സൗന്ദര്യം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന മത്സരത്തിൽ മിടുക്കരായ പ്രതിഭകൾക്ക് പങ്കെടുക്കാം. ഖത്തർ നാഷനൽ ലൈബ്രറിയുടെ ഹെറിറ്റേജ് ലൈബ്രറിയിലെ കാലിഗ്രഫി പാനലുകളിൽനിന്നും കൈയെഴുത്തുപ്രതികളിൽനിന്നും പ്രചോദനം ഉൾക്കൊണ്ട്, കാലിഗ്രഫി കലയിലൂടെ അറബ്, ഇസ് ലാമിക പൈതൃകത്തിന്റെ ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്കുള്ള സുവർണാവസരം കൂടിയാണിത്.
അറബി വാക്യങ്ങളും വരികളും മനോഹരമായ ലിപികളിൽ എഴുതി മത്സരത്തിൽ പങ്കുചേരാം. പങ്കെടുക്കുന്നവർ നാസ്ക്, തുളുത്, ദിവാനി, കുഫിക്, റിഖഅ എന്നീ പരമ്പരാഗത അറബിക് കാലിഗ്രഫിക് ലിപികൾ ഉപയോഗിക്കാം. നാഷനൽ ലൈബ്രറിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അഞ്ച് അറബിക് പദാവലികളിൽനിന്നുള്ള ഒന്ന് തിരഞ്ഞെടുത്ത് എഴുതിയിരിക്കണം.എൻട്രികൾ ഡിജിറ്റൽ ആർട്ട് വർക്ക് ആയോ, കൈയെഴുത്തുപ്രതി സ്കാൻ ചെയ്തോ സമർപ്പിക്കാം. എ ഫോർ, എ ത്രീ ഫോർമാറ്റിലായിരിക്കണം.നിർമിത ബുദ്ധിയിൽ സൃഷ്ടിച്ച കലാസൃഷ്ടി സ്വീകരിക്കില്ല. ജൂലൈ 20ന് മുമ്പായി എൻട്രികൾ സമർപ്പിക്കണമെന്ന് ഖത്തർ നാഷനൽ ലൈബ്രറി അധികൃതർ അറിയിച്ചു. ജൂലൈ 27 മുതൽ ആഗസ്റ്റ് ഏഴുവരെ ക്യു.എൻ.എൽ ഇൻസ്റ്റഗ്രാം പേജുവഴി പൊതു വോട്ടിങ്ങിനും അവസരമുണ്ടാകും. ജേതാവിനെ ലോക കാലിഗ്രഫി ദിനമായ ആഗസ്റ്റ് 13ന് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.