നാസർ അൽ ഖിലൈഫി
ദോഹ: യൂറോപ്യൻ ക്ലബ് അസോസിയേഷൻ (ഇ.സി.എ) അധ്യക്ഷനും പാരിസ് സെൻറ് ജെർമെയ്ൻ (പി.എസ്.ജി) പ്രസിഡൻറുമായ നാസർ അൽ ഖിലൈഫിയെ യുവേഫ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് വീണ്ടും നിയമിച്ചു. 2028 വരെയാണ് നിയമനം.പാരിസിൽ ചേർന്ന 48ാമത് യുവേഫ കോൺഗ്രസിലാണ് അൽ ഖിലൈഫിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്.
ഖിലൈഫിക്കൊപ്പം അത്ലറ്റിക്കോ മഡ്രിഡ് സി.ഇ.ഒയും ഇ.സി.എ ബോർഡ് അംഗവുമായ മിഗ്വേൽ ഏഞ്ചൽ ഗിൽ മാരിനെയും നിയമിച്ചിട്ടുണ്ട്.യുവേഫ എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ അസോസിയേഷൻ പ്രതിനിധികളായി അൽ ഖിലൈഫിയെയും ഗിൽ മാരിനെയും അംഗീകരിച്ച് കൊണ്ടുള്ള ഇ.സി.എ ബോർഡ് വോട്ടെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സുപ്രധാന നിയമനം.നിലവിൽ അഞ്ഞൂറോളം ക്ലബുകൾ അസോസിയേഷനിൽ അംഗങ്ങളായുണ്ട്.
യുവേഫ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ 2028 വരെ ഇ.സി.എ ബോർഡ് അംഗം ഗിൽ മാരിനൊപ്പം നിയമിക്കപ്പെടുന്നത് വലിയ അംഗീകാരവും ബഹുമതിയുമാണെന്നും എല്ലാവർക്കും നന്ദി അറിയിക്കുന്നെന്നും അൽ ഖിലൈഫി പറഞ്ഞു.
പ്രഫഷനൽ ക്ലബ് ഫുട്ബാൾ വികസിപ്പിക്കുന്നതിനും യൂറോപ്യൻ കായിക മാതൃക എല്ലാവരുടെയും താൽപര്യങ്ങൾക്കനുസൃതമായി സംരക്ഷിക്കുന്നതിനും യുവേഫയുമായി കൈകോർത്ത് പ്രവർത്തിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.