ദോഹ: ഗസ്സയിൽ സമഗ്ര സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചതിനെയും, പീസ് കൗൺസിൽ രൂപവത്കരണത്തെയും, ഗസ്സയുടെ ഭരണത്തിനായി ഫലസ്തീൻ നാഷനൽ കമ്മിറ്റി രൂപവത്കരിച്ചതിനെയും മുസ്ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന പരിശ്രമങ്ങളെ പ്രസ്താവനയിൽ പ്രത്യേകം അഭിനന്ദിച്ചു. ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുമെന്ന പ്രഖ്യാപനത്തെയും വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്നത് തടയാനുള്ള തീരുമാനത്തെയും മുസ്ലിം വേൾഡ് ലീഗ് പ്രശംസിക്കുകയും ചെയ്തു.
സമാധാന പദ്ധതിയുടെ തീരുമാനങ്ങൾ പൂർണമായും പാലിക്കണമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസ ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഗസ്സയുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഫലസ്തീൻ നാഷനൽ അതോറിറ്റിയെ പിന്തുണക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അന്താരാഷ്ട്ര പ്രമേയങ്ങൾക്കും ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള ന്യൂയോർക്ക് പ്രഖ്യാപനത്തിനും അനുസൃതമായി ശാശ്വതവും സമഗ്രവും നീതിയുക്തവുമായ സമാധാനം സ്ഥാപിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.