ദോഹ: രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള 16 പള്ളികളുടെ നവീകരണം പൂർത്തിയായതായി ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയം വ്യക്തമാക്കി. 6.5 മില്യൻ റിയാൽ ചെലവിൽ ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് പള്ളികളുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയതെന്നും ഔഖാഫ് പത്രക്കുറിപ്പിൽ അറിയിച്ചു. അൽ അസീസിയ, അൽ വുകൈർ, അൽ മഅ്മൂറ, സലത, മെഹൈർജ, നുഐജ, മുറൈഖ്, മതാർ, ഗുവൈരിയ, അബൽ ഹീരാൻ പ്രദേശങ്ങളിലാണ് പള്ളികളുടെ നവീകരണം നടന്നത്. പുറമേ, റൗദത് ഇക്ദീം, ജുലൈഅ, റൗദത് ഹമ്മാം, തുമൈദ്, അൽ ഖീസ, വക്റ ഭാഗങ്ങളിൽ പള്ളികൾ സ്ഥാപിച്ചതായി മന്ത്രാലയം പറയുന്നു. കൂടാതെ 60 ഇമാമുമാരുടെ താമസസ്ഥലങ്ങളും ബാങ്ക് വിളിക്കുള്ള സംവിധാനങ്ങളും അകറ്റുപണികൾക്ക് വിധേയമാക്കിയതായും ഏഴ് പള്ളികൾ വ്യക്തികൾ നൽകിയ ധനം കൊണ്ട് നവീകരിച്ചതായും മന്ത്രാലയം സൂചിപ്പിച്ചു. വിവിധ പള്ളികളിലെ ജല വിതരണത്തിനുള്ള സംവിധാനങ്ങൾ നവീകരിച്ചതായും മന്ത്രാലയം കുറിപ്പിൽ വ്യക്തമാക്കി. പള്ളികളുടെ എണ്ണം ഇരട്ടിയാക്കാനും പഴയ പള്ളികൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും പദ്ധതിയുള്ളതായും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.