സൂഖ് വാഖിഫിലെ മൂന്നാമത് ഇന്ത്യൻ മാമ്പഴ മേള
ദോഹ: ഖത്തറിലെ സൂഖ് വാഖിഫിൽ മൂന്നാമത് ഇന്ത്യൻ മാമ്പഴ മേള സമാപിച്ചു. സന്ദർശകരുടെ എണ്ണത്തിലും വിൽപനയിലും റെക്കോഡ് സൃഷ്ടിച്ചതായി സംഘാടകർ അറിയിച്ചു. ‘ഹംബ ഫെസ്റ്റിവൽ’ എന്നറിയപ്പെടുന്ന മാംഗോ ഫെസ്റ്റിവലിൽ വൈവിധ്യമാർന്ന ഇന്ത്യൻ മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു. ജൂൺ 18 മുതൽ സൂഖ് വാഖിഫിന്റെ ഇസ്റ്റേൺ സ്ക്വയറിലായിരുന്നു മേള. 1,87,300 കിലോ മാമ്പഴം വിറ്റുപോയി.
ഇത് കഴിഞ്ഞ സീസണുകളിലേതിനേക്കാൾ കൂടുതലാണ്. 1,55,600-ത്തിലധികം സന്ദർശകരെത്തി. 35-ലധികം ഇന്ത്യൻ കമ്പനികൾ ഈ വർഷത്തെ പ്രദർശനത്തിൽ പങ്കെടുത്തു. ഇന്ത്യൻ മാമ്പഴ ഇനങ്ങളുടെ വിപുലമായ ശേഖരത്തിനൊപ്പം പാനീയങ്ങൾ, മധുരപലഹാരങ്ങൾ, അച്ചാർ, പ്രത്യേക ഭക്ഷ്യവിഭവങ്ങൾ തുടങ്ങി വിവിധതരം മാമ്പഴ ഉൽപ്പന്നങ്ങളും ഒരുക്കിയിരുന്നു. ഇന്ത്യൻ മാമ്പഴങ്ങൾക്കും മാമ്പഴ ഉൽപ്പന്നങ്ങൾക്കുമുള്ള പൊതുജനങ്ങളുടെ വർധിച്ച ആവശ്യവും എക്സിബിഷന്റെ വളർന്നുവരുന്ന പ്രശസ്തിയുമാണ് റെക്കോഡ് നേട്ടത്തിലൂടെ വെളിപ്പെടുന്നതെന്ന് പ്രദർശനത്തിന്റെ ജനറൽ സൂപ്പർവൈസർ ഖാലിദ് സയ്ഫ് അൽ സുവൈദി പറഞ്ഞു.
പങ്കെടുത്ത കമ്പനികളുടെ വൈവിധ്യം, ഉൽപ്പന്നങ്ങളുടെ മികച്ച ഗുണനിലവാരം, എല്ലാ ദിവസവും ഇന്ത്യയിൽനിന്ന് സാധനങ്ങൾ എത്തിച്ചത്, പുതിയ ഇനങ്ങൾ അവതരിപ്പിച്ചത് എന്നിവ പ്രദർശനം വൻ വിജയമാക്കാൻ സഹായിച്ചതായും ഖത്തറും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക-വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള പ്രധാന വേദിയായി പ്രദർശനം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.