ദോഹ: ലോകത്ത് മൊബൈൽ ഇൻറർനെറ്റ് വേഗതയിൽ ആഗോളതലത്തിൽ ഖത്തർ ഒന്നാമത്. ഡിസംബറിലെ ഈക്ലാ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സിലാണ് ഖത്തർ ഒന്നാമതെത്തിയത്. കഴിഞ്ഞമാസത്തെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തായിരുന്നു ഖത്തർ. കഴിഞ്ഞമാസം ഖത്തറിലെ ശരാശരി മൊബൈൽ ഡൗൺലോഡ് സ്പീഡ് സെക്കൻഡിൽ 178.01 മെഗാബൈറ്റും അപ്ലോഡ് സ്പീഡ് സെക്കൻഡിൽ 29.74 മെഗാബൈറ്റുമായിരുന്നു.
ഒക്ടോബറിൽ നാലാമതായിരുന്ന ഖത്തർ റാങ്കിങ് മെച്ചപ്പെടുത്തിയാണ് നവംബറിൽ ആദ്യ മൂന്നിലെത്തിയത്. ലോകത്തുതന്നെ ഏറ്റവും ഉയർന്ന ഇൻറർനെറ്റ് പെനേട്രഷൻസുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തർ. സൂചിക പ്രകാരം ഖത്തറിലെ മൊബൈൽ ഇൻറർനെറ്റ് വേഗത ആഗോള ശരാശരിയുടെ മൂന്നിരട്ടി വരും. ആഗോള തലത്തിലെ ശരാശരി മൊബൈൽ ഇൻറർനെറ്റ് വേഗത ഡൗൺലോഡിങ്ങിൽ 47.20 എം.ബിയും അപ്ലോഡ് വേഗത 12.67 എം.ബിയുമാണെന്ന് സൂചിക ചൂണ്ടിക്കാട്ടി.
ലോകത്തിലെ മറ്റു പല വികസിത രാജ്യങ്ങളും മൊബൈൽ ഇൻറർനെറ്റ് വേഗതയിൽ ഖത്തറിനേക്കാൾ വളരെ പിറകിലാണ്. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജിയിലെ മികച്ച പ്രകടനമാണ് ഖത്തറിനെ ആഗോളതലത്തിൽ മുൻപന്തിയിലെത്തിച്ചത്. എല്ലാ മാസവും ദശലക്ഷണക്കിന് ഇൻറർനെറ്റ് ഉപഭോക്താക്കളുടെ ഇൻറർനെറ്റ് ഉപയോഗം അടിസ്ഥാനമാക്കിയാണ് ഈക്ല സൂചിക പ്രസിദ്ധീകരിക്കുന്നത്. ഇൻഫർമേഷൻ കമ്യൂണിക്കേഷൻ സാങ്കേതികവിദ്യയിൽ അറബ് ലോകത്ത് രണ്ടാമതും ആഗോളതലത്തിൽ ഒമ്പതുമാണ് ഖത്തറിെൻറ സ്ഥാനങ്ങൾ.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്കണോമിസ്റ്റ് ഗ്രൂപ്പിെൻറ ഗവേഷണ വിഭാഗമായ ദി ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂനിറ്റ് തയാറാക്കിയ ഇൻക്ലൂസിവ് ഇൻറർനെറ്റ് സൂചികയിലും ആഗോളതലത്തിൽ ഖത്തർ ഒന്നാമതെത്തിയിരുന്നു. ഇൻറർനെറ്റ് സന്നദ്ധത, നയ പിന്തുണ, പുത്തൻ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടൽ എന്നീ മേഖലകളിലാണ് ഈ റിപ്പോർട്ടിൽ ഖത്തർ ആഗോളതലത്തിൽ ഒന്നാമതെത്തിയത്.
സ്കിൽസ്, കൾചറൽ അക്സപ്റ്റൻസ്, സപ്പോർട്ടിങ് പോളിസി എന്നിവയുൾപ്പെടുന്ന ഇൻറർനെറ്റ് ആക്സസ് കപ്പാസിറ്റി പരിശോധനയാണ് ഇൻറർനെറ്റ് സന്നദ്ധതയുടെ മാനദണ്ഡമായി വിലയിരുത്തുന്നത്. ദി ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂനിറ്റിെൻറ ഇൻക്ലൂസിവ് ഇൻറർനെറ്റ് സൂചികയിൽ ഓവറോൾ തലത്തിൽ സ്വീഡൻ, ന്യൂസിലൻഡ്, അമേരിക്ക എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംനേടിയിരുന്നത്.
ഇൻറർനെറ്റ് സാക്ഷരത, ലഭ്യത, ഇൻറർനെറ്റ് സേവന നിരക്ക് എന്നിവയാണ് ഇൻറർനെറ്റ് ഇൻക്ലൂസ് സൂചികയുടെ മാനദണ്ഡങ്ങൾ. ഇൻറർനെറ്റ് ഉപയോഗിക്കുന്നതിലെ വിദ്യാഭ്യാസവും തയാറെടുപ്പുമാണ് സാക്ഷരതയുടെ വിവക്ഷ. ഖത്തറിലെ ശരാശരി ഡൗൺലോഡ് സ്പീഡ് 77.07 എം.ബി.പി.എസും അപ്ലോഡ് സ്പീഡ് 21.49 എം.ബി.പി.എസുമാണ്. ആഗോള തലത്തിലെ ശരാശരി ഡൗൺലോഡ് സ്പീഡിനേക്കാൾ ഇരട്ടിയിലധികമാണ് ഖത്തറിലെ ഇൻറർനെറ്റ് സ്പീഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.