ദോഹ: ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുജനാരോഗ്യ മന്ത്രാലയം പുതിയ ദേശീയ പ്രതിരോധ ഗൈഡ് ലൈൻ പുറത്തിറക്കി. കുട്ടികൾ, മുതിർന്ന പൗരന്മാർ തുടങ്ങിയ വിഭാഗങ്ങളുടെ ആരോഗ്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും റോഡപകടങ്ങൾ ഇല്ലാതാക്കുന്നതിനും സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളടങ്ങിയ മൂന്ന് ദേശീയ പ്രതിരോധ ഗൈഡ് ലൈനുകളാണ് പുറത്തിറക്കിയത്.
വിവിധ മേഖലകളിലെ വിദഗ്ധരുടെ സഹകരണത്തോടെയും ശാസ്ത്രീയമായ പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇവ തയാറാക്കിയിട്ടുള്ളത്. സമൂഹത്തിലെ സാധാരണവും അസാധാരണവുമായ അപകടസാധ്യതകൾ തിരിച്ചറിയാനും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും പുതിയ ഗൈഡ് ലൈൻ സഹായിക്കും. ഖത്തറിലെ ഓരോരുത്തരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഗൈഡ് ലൈൻ തയാറാക്കിയതെന്നും അപകടങ്ങൾ കുറക്കാനും എല്ലാവർക്കും സുരക്ഷിതമായ ഒരു ഭാവി കെട്ടിപ്പടുക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും പൊതുജനാരോഗ്യ മന്ത്രാലയം ഡയറക്ടർ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദ്യാലയങ്ങൾ, വീടുകൾ, കളിസ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ കുട്ടികൾക്കായുള്ള ഗൈഡ് ലൈനിൽ വിശദീകരിക്കുന്നു. കൂടാതെ വിഷബാധ, മുങ്ങിമരണം, പൊള്ളൽ, വാഹന സംബന്ധമായ പരിക്കുകൾ, ഉഷ്ണതരംഗം എന്നിവ തടയാനുള്ള നിർദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.
മുതിർന്ന പൗരന്മാർക്കിടയിലെ ഗൈഡ് ലൈനിൽ 65 വയസ്സിന് മുകളിലുള്ളവരുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നത്. വീഴ്ചകൾ മൂലമുണ്ടാകുന്ന പരിക്കുകൾ കുറക്കാനും ആരോഗ്യകരമായ ജീവിതകാലം ഉറപ്പാക്കാനും സ്വീകരിക്കേണ്ട നിർദേശങ്ങൾ വിവരിക്കുന്നു. നാഷനൽ ഹെൽത്ത് സ്ട്രാറ്റജി 2024-2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് തയാറാക്കിയിരിക്കുന്നത്. ഖത്തറിലെ റോഡപകടങ്ങളുടെ ആഘാതം കുറക്കുകയെന്ന ലക്ഷ്യത്തോടെയും പുതിയ ഗൈഡ് ലൈൻ പുറത്തിറക്കിയിട്ടുണ്ട്. ഡ്രൈവർമാർ, യാത്രക്കാർ, കാൽനടക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിവിധ ശിപാർശകൾ ഇതിൽ അടങ്ങിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.