ദോഹ: തൊഴിൽ മന്ത്രാലയത്തിന്റെ തൊഴിൽ സുരക്ഷ -ആരോഗ്യ വിഭാഗം ഖത്തർ റെഡ് ക്രസന്റിന്റെ പങ്കാളിത്തത്തോടെ അംവാജ് കമ്പനിയുമായി സഹകരിച്ച് ജീവനക്കാർക്കായി ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. ബയോ ഹസാർഡ്സിനെ കുറിച്ചും അവ എങ്ങനെ തടയാമെന്നും ജീവനക്കാരെ ബോധവത്കരിക്കുക, ആരോഗ്യ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ട ഇടങ്ങളിലെ തൊഴിൽ സുരക്ഷാ, ആരോഗ്യ നിർദേശങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുക എന്നിവയായിരുന്നു ശിൽപശാലയുടെ ലക്ഷ്യം.
രാജ്യത്തുടനീളമുള്ള തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും തൊഴിൽ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുമായി പൊതു -സ്വകാര്യ മേഖലയിലെ പങ്കാളികളുമായി സഹകരിച്ച് തൊഴിൽ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ രോഗകാരികളുമായുള്ള സമ്പർക്കം മൂലമുണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് തൊഴിലാളികളെ പരിചയപ്പെടുത്തുക എന്നതായിരുന്നു ശിൽപശാലയുടെ ലക്ഷ്യം. ഭക്ഷണം, മലിനമായ പ്രതലങ്ങൾ, സമ്പർക്കം എന്നിവയിലൂടെ ഇവ പകരാം. ഇതുമൂലം ഉണ്ടാകുന്ന ഭക്ഷ്യവിഷബാധ, ശ്വാസകോശ അണുബാധകൾ, ചർമരോഗങ്ങൾ തുടങ്ങിയ അസുഖങ്ങളെക്കുറിച്ചും ശിൽപശാലയിൽ വിശദീകരിച്ചു.
കൈകൾ ഇടക്കിടെ കഴുകുക, വ്യക്തിശുചിത്വം പാലിക്കുക, കൈയുറകൾ, മാസ്കുകൾ, തൊപ്പി തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുക, ഭക്ഷ്യ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങളെക്കുറിച്ച് മന്ത്രാലയത്തിന്റെ തൊഴിൽ സുരക്ഷാ -ആരോഗ്യ വിഭാഗത്തിലെയും ഖത്തർ റെഡ് ക്രസന്റിലെയും വിദഗ്ധർ വിശദീകരിച്ചു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.