ഈജിപ്തിലെ റഫയിലെത്തിയ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ
ദോഹ: ഗസ്സയിലേക്കുള്ള മാനുഷിക സഹായ പ്രവർത്തനങ്ങൾക്ക് മേൽനോട്ടംവഹിക്കാൻ ഖത്തർ വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ ഈജിപ്തിലെ റഫയിലെത്തി.
മരുന്നും ഫീൽഡ് ആശുപത്രിയും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെ ഖത്തറിൽനിന്നുള്ള ടൺകണക്കിന് ദുരിതാശ്വാസ വസ്തുക്കൾ ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തിച്ചശേഷം റഫ അതിർത്തി വഴിയാണ് ഗസ്സയിലേക്ക് കൊണ്ടുപോകുന്നത്.
ചൊവ്വാഴ്ച ഈജിപ്തിലെത്തിയ മന്ത്രി ലുൽവ അൽ ഖാതിർ അൽ അരിഷും സന്ദർശിച്ചു.
ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി, ഖത്തർ ചാരിറ്റി, ഗസ്സ പുനർനിർമാണത്തിനുള്ള ഖത്തർ കമ്മിറ്റി എന്നിവരുടെ പ്രതിനിധികളും മന്ത്രിക്കൊപ്പമുണ്ട്. ഖത്തറിന്റെ ദുരിതാശ്വാസ വസ്തുക്കളുടെ കൈമാറ്റത്തിനും ഗസ്സയിലേക്കുള്ള വിതരണത്തിനും മന്ത്രി സാക്ഷിയായി. മാനുഷിക സഹായമെത്തിക്കാൻ വഴിയൊരുക്കുന്ന ഈജിപ്ഷ്യൻ സർക്കാറിന് മന്ത്രി നന്ദി അറിയിച്ചു.
ഇസ്രായേലിന്റെ കടുത്ത ആക്രമണങ്ങൾക്കിരയാവുന്ന ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങൾ കൂടുതൽ ശക്തമായി തുടരുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.