അ​ർ​ജ​ന്‍റീ​ന​യെ സ്വാ​ഗ​തം​ചെ​യ്ത്​ ഖ​ത്ത​ർ യൂ​നി​വേ​ഴ്​​സി​റ്റി പ​ങ്കു​വെ​ച്ച പോ​സ്റ്റ​ർ

മെസ്സിയും കൂട്ടരും ഖത്തർ യൂനിവേഴ്സിറ്റി കാമ്പസിൽ

ദോഹ: ലോകകപ്പ് കിരീടസ്വപ്നവുമായി ഖത്തറിന്‍റെ മണ്ണിലെത്തുന്ന ലയണൽ മെസ്സിക്കും സംഘത്തിനും ഖത്തർ യൂനിവേഴ്സിറ്റി കാമ്പസ് ആതിഥേയരാവും. താമസവും പരിശീലനവുമെല്ലാമാണ് കാമ്പസിൽ ഒരുക്കുന്നത്.

നവംബർ 21ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പിന് ഒരാഴ്ച മുമ്പുതന്നെ കോപ അമേരിക്ക ചാമ്പ്യന്മാരായ അർജന്‍റീന ഖത്തറിലെത്തും. തുടർന്ന്, ലയണൽ മെസ്സിയും ഡി മരിയയും ഉൾപ്പെടെ പരിശീലനവും താമസവുമായെല്ലാം ടീം അംഗങ്ങൾ ഖത്തർ സർവകലാശാലാ കാമ്പസിൽതന്നെയുണ്ടാവും.

താമസസ്ഥലം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി അർജന്‍റീന ഫുട്ബാൾ ഫെഡറേഷന്‍റെ ഔദ്യോഗിക സംഘം അടുത്തിടെ ഖത്തർ സന്ദർശിച്ചിരുന്നു. ഇവരുടെ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ടീമിന്‍റെ ബേസ് ക്യാമ്പായി സർവകലാശാലാ ക്യാമ്പസിനെ തെരഞ്ഞെടുത്തത്. സന്ദർശനത്തിൽ തൃപ്തി അറിയിച്ചായിരുന്നു സംഘം മടങ്ങിയത്. ഹോസ്റ്റൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാവും ടീം അംഗങ്ങളുടെയും സ്റ്റാഫിന്‍റെയും താമസം.

ഒരുമാസത്തിലേറെ ഒന്നിച്ചു താമസിക്കുന്ന സ്ഥലം എന്നനിലയിൽ, ടീം അംഗങ്ങൾക്ക് ഗൃഹാതുര അനുഭവം നൽകുന്നതിന് കാമ്പസിൽ ചില നവീകരണ പ്രവർത്തനങ്ങളും നടക്കും. കളിക്കാർക്ക് അർജന്‍റീനയും വീടുമെല്ലാം അനുഭവിക്കുന്ന തരത്തിലായിരിക്കും കാമ്പസിൽ മാറ്റങ്ങൾ വരുത്തുന്നത്.

'ലോകകപ്പ് സമയത്ത് അർജന്‍റീന ടീം അംഗങ്ങൾക്ക് ഖത്തർ സർവകലാശാല കാമ്പസിലായിരിക്കും താമസം. ഉറക്കവും അരികിലായിത്തന്നെ പരിശീലനവുമെല്ലാം തയാറാവും' -അർജന്‍റീന കോച്ച് ലയണൽ സ്കലോണി പറഞ്ഞു. പരിശീലനവും താമസവുമെല്ലാം ഒരേ സ്ഥലത്താവുന്നത് ഏറെ സൗകര്യമാണ്. പരിശീലനത്തിനും മറ്റുമായി ബസിൽ കയറി യാത്രചെയ്യേണ്ടതില്ല, കളിക്കാർക്ക് വിശ്രമത്തിന് കൂടുതൽ സമയവും ലഭിക്കും -സ്കലോണി പറഞ്ഞു.

ലോകകപ്പിന് യോഗ്യത നേടിയ ടീമുകളെല്ലാം നിലവിൽ ടീം ബേസ് ക്യാമ്പ് തിരഞ്ഞെടുക്കുന്ന തിരിക്കിലാണ്. പരിശീലന വേദികളും ഹോട്ടലുകളുമായി 40ഓളം ബേസ് ക്യാമ്പുകളാണ് തെരഞ്ഞെടുപ്പിനായി ഖത്തർ ഒരുക്കിയത്. ഒരാഴ്ച മുമ്പ് ക്രൊയേഷ്യ ഫുട്ബാൾ ഫെഡറേഷൻ സംഘം ഡുസിറ്റ് ഹോട്ടലും അൽ ഗറാഫ പരിശീലന ഗ്രൗണ്ടും സന്ദർശിച്ചു. ടീമിന്‍റെ ആദ്യ പരിഗണനയും ഇവിടമാണെന്നാണ് സൂചന.  

Tags:    
News Summary - Messi and team at the Qatar University campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.