ദോഹ: ലോക ഓട്ടിസം ദിനത്തിന്റെ ഭാഗമായി ഒരു മാസം നീളുന്ന ഓട്ടിസം കാമ്പയിനുമായി ലുലു ഹൈപ്പർമാർക്കറ്റ്. ഖത്തറിലുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകൾ ഖത്തർ ഓട്ടിസം സൊസൈറ്റിയുമായി സഹകരിച്ചാണ് കാമ്പയിൻ ആരംഭിക്കുന്നത്. ഏപ്രിൽ രണ്ടു മുതൽ മേയ് രണ്ടു വരെ നീളുന്ന പരിപാടിയിൽ സമൂഹത്തിൽ ഓട്ടിസം ബോധവത്കരണം നടത്തുകയും പിന്തുണക്കുകയുമാണ് ലക്ഷ്യം. ലുലു പ്രൈവറ്റ് ലേബൽ പതിച്ച ഉൽപന്നങ്ങൾ വാങ്ങുന്നതുവഴി ഒരു റിയാൽ ഖത്തർ ഓട്ടിസം സൊസൈറ്റിയിലേക്ക് സംഭാവനയായും എത്തും. സമൂഹ മാധ്യമങ്ങൾ, ഇ-മെയിൽ ന്യൂസ് ലെറ്റർ, സ്റ്റോറുകളിലെ ബോർഡുകൾ, െഫ്ലയർ തുടങ്ങിയവ വഴിയും ബോധവത്കരണം നടത്തും.
ഖത്തർ ഓട്ടിസം സൊസൈറ്റിയുമായി ചേർന്ന് ഈ പ്രചാരണ കാമ്പയിനിൽ പങ്കാളിയാവുന്നത് സന്തോഷകരമാണെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. ‘‘ലുലു പ്രൈവറ്റ് ലേബൽ പതിച്ച ഉൽപന്നങ്ങൾ വാങ്ങുന്നതിലൂടെ ഞങ്ങളുടെ ഉപഭോക്താക്കൾക്കും കാമ്പയിനിൽ പങ്കാളികളാകാവുന്നതാണ്. ഈ പ്രചാരണ പരിപാടിയിലൂടെ സമൂഹത്തിലെ ബോധവത്കരണത്തിനും ഓട്ടിസം സംബന്ധിച്ച ധാരണകൾ തിരുത്താനും ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു’’ -ഡോ. അൽതാഫ് പറഞ്ഞു. പ്രചാരണ പരിപാടിക്കും സമൂഹത്തിലേക്ക് ഓട്ടിസം സംബന്ധിച്ച സന്ദേശം എത്തിക്കുന്നതിലും ഖത്തർ ഓട്ടിസം സൊസൈറ്റി ലുലു ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കും.
തങ്ങളുമായി സഹകരിക്കാൻ തയാറായ ലുലു ഗ്രൂപ്പിനെ അഭിനന്ദിക്കുന്നതായി ഖത്തർ ഓട്ടിസം സൊസൈറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് ഫൈസൽ ഹസൻ പറഞ്ഞു. സമൂഹത്തിൽ സ്വാധീനം ചെലുത്താനും ധാരണകൾ തിരുത്താനും കഴിയുംവിധം കൂടുതൽ സ്ഥാപനങ്ങൾ ഇതേ മാതൃകയിൽ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.