ദോഹ: ഇറ്റലിയിൽ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം തുറന്നതിനു പിന്നാലെ, മറ്റൊരു യൂറോപ്യൻ രാജ്യമായ പോളണ്ടിലേക്കും പ്രവർത്തനം വ്യാപിപ്പിച്ച് ലുലു ഗ്രൂപ്. ഇതുസംബന്ധിച്ച് പോളണ്ടിലെ ഒളിസ്റ്റിൻ മസൂറി എയർപോർട്ടുമായും പോളിഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ട്രേഡ് ഏജൻസിയുമായും ലുലു ഗ്രൂപ് ഭാരവാഹികൾ ധാരണപത്രത്തിൽ ഒപ്പുവെച്ചു. വടക്കുകിഴക്കൻ പോളണ്ടിലെ ഒളിസ്റ്റിൻ മസൂറി വിമാനത്താവളത്തിൽ ആരംഭിക്കുന്ന ലുലുവിന്റെ കേന്ദ്രം വഴി മേഖലയിൽനിന്നുള്ള വിശിഷ്ടമായ ഉൽപന്നങ്ങളുടെ കയറ്റുമതിക്കും സംസ്കരണത്തിനുമുള്ള സൗകര്യമൊരുക്കും. ആപ്പിൾ, ബെറി, ചീസ്, ഇറച്ചികൾ, ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന മിന മേഖല തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള പാക്ക് ചെയ്ത ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവ സമാഹരിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമുള്ള സൗകര്യങ്ങളോടുകൂടിയ കേന്ദ്രമാണ് വിമാനത്താവളവുമായുണ്ടാക്കിയ ധാരണപത്രപ്രകാരം സജ്ജീകരിക്കുന്നത്.
പോളണ്ടിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപം സംബന്ധിച്ച് പോളിഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ട്രേഡ് ഏജൻസിയുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു. പോളണ്ടിലെ വിവിധ മേഖലകളിലെ വ്യാപാര, നിക്ഷേപ സാധ്യതകളിലേക്ക് ലുലു ഗ്രൂപ്പിന് അവസരം ഒരുക്കുന്നതാണ് ഈ കരാർ.
ആദ്യ കയറ്റുമതിയുടെ ഫ്ലാഗ്ഓഫ് വാർമിൻസ്കോ മസുർസ്കി റീജ്യൻ ഗവർണർ ഗുസ്താവ് മാറിക് ബ്രെസിൻ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവർ നിർവഹിച്ചു. ഒളിസ്റ്റിൻ മസൂറി വിമാനത്താവള മാനേജ്മെന്റ് ബോർഡ് പ്രസിഡന്റ് വിക്ടർ വോയ്സിഷ്, പോളിഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ട്രേഡ് ഏജൻസി മുതിർന്ന ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ മുഹമ്മദ് അൽതാഫ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കർഷക കോഓപറേറ്റിവ് സൊസൈറ്റി അംഗങ്ങൾ, കാർഷിക ഉൽപാദകർ തുടങ്ങിയവരുമായി കൂടിക്കാഴ്ചയും നടന്നു. ആദ്യ ഘട്ടത്തിൽ 50 ദശലക്ഷം യൂറോ മൂല്യമുള്ള ഉൽപന്നങ്ങളുടെ കയറ്റുമതിയാണ് പോളണ്ടിൽനിന്ന് പ്രതീക്ഷിക്കുന്നത്. തുടർന്ന് പോളിഷ് മന്ത്രിതല സംഘവുമായും എം.എ. യൂസുഫലിയും സംഘവും കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പിന്റെ നിക്ഷേപ പദ്ധതികളെ പ്രസിഡൻഷ്യൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രസിഡന്റിന്റെ ഉപദേശകൻ സിസ്ലാവ് സോകൽ അഭിനന്ദിച്ചു. പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ധാരണപത്രങ്ങൾ ഒപ്പുവെച്ചതിലൂടെ, മിഡിലീസ്റ്റ്, ഇന്ത്യ ഉൾപ്പെടെയുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിലൂടെ ഗുണമേന്മയുള്ള പോളിഷ് ഉൽപന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കാൻ കഴിയുന്നതിൽ എം.എ. യൂസുഫലി സന്തോഷം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.