ഖിയ ചാമ്പ്യൻസ് ലീഗ് സെമിയിൽ ഫാൻ ഫോർ എവർ എഫ്.സിക്കെതിരെ ഗ്രാൻഡ്മാൾ എഫ്.സിയുടെ മുന്നേറ്റം
ദോഹ: ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ പ്രേമികളുടെ ആവേശമായി മാറിയ ഖിയ ചാമ്പ്യൻസ് ലീഗിൽ ഗ്രാൻഡ്മാൾ എഫ്.സി -സിറ്റി എക്സ്ചേഞ്ച് കിരീടപ്പോരാട്ടം. വെള്ളിയാഴ്ച രാത്രിയിൽ ദോഹ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഗ്രാൻഡ്മാൾ എഫ്.സി 3-2ന് ഫാൻ ഫോർ എവർ എഫ്.സിയെ തോൽപിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. ആദ്യ മത്സരത്തിൽ സിറ്റി എക്സ്ചേഞ്ച്- കരുത്തരായ ഫ്രൈഡേ ഫിഫ മഞ്ചേരിയെ ഏകപക്ഷീയമായ ഒരു ഗോളിൽ വീഴ്ത്തി. മേയ് 30 വെള്ളിയാഴ്ച രാത്രി 7.30ന് ദോഹ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
കളിയിലുടനീളം എതിരാളിക്കുമേൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടായിരുന്നു ഗ്രാൻഡ്മാളിന്റെ പ്രകടനം. ആദ്യത്തെ ഗോൾ വഴങ്ങി പിന്നിലായെങ്കിലും, ശക്തമായ തിരിച്ചുവരവ് നടത്തിയ ഗ്രാൻഡ് മാൾ, മൂന്ന് എണ്ണം പറഞ്ഞ ഗോളുകളിലൂടെ ഫൈനൽ പ്രവേശം ഉറപ്പിച്ചു. അജ്സലും ഗനിയും ഗ്രാൻഡ് മാളിന്റെ സ്കോറർമാരായി. മധ്യനിര താരവും ക്യാപ്റ്റനുമായ മുഹമ്മദ് റിഷാദ് മിന്നും പ്രകടനത്തോടെ ടീമിന്റെ തിരിച്ചുവരവിൽ പടനായകനായി. റിഷാദ് കളിയിലെ താരവുമായി തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ്, സന്തോഷ് ട്രോഫി, കേരള പ്രീമിയർ ലീഗ്, കേരള സൂപ്പർ ലീഗ് ഉൾപ്പെടെ ടൂർണമെന്റുകളിലെ താരങ്ങളുമായാണ് ഗ്രാൻഡ്മാൾ ടൂർണമെന്റിൽ തങ്ങളുടെ ടീമിനെ സജ്ജമാക്കിയത്. വാശിയേറിയ ആദ്യ സെമി ഫൈനലിൽ, സിറ്റി എക്സ്ചേഞ്ച് എഫ്.സി കടുത്ത സമ്മർദത്തേയും ഉരുക്കൻ പ്രതിരോധത്തേയും മറികടന്ന് ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്സിയെ 1-0 എന്ന സ്കോറിൽ പരാജയപ്പെടുത്തിയത്. സ്ട്രൈക്കർ ഷിജിനാണു വിജയ ഗോൾ കരസ്ഥമാക്കിയത്. സിറ്റിയുടെ ഗോൾ കീപ്പർ ഷാഹിൻ നിർണായകമായ സേവുകളുമായി മാൻ ഓഫ് ദ മാച്ചായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.