ദോഹ: കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് നീങ്ങുമ്പോൾ, ഖത്തറിലെ പ്രവാസി മലയാളികൾക്കിടയിലും രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നു. വോട്ടെടുപ്പ് തീയതി അടുത്തതോടെ ജോലിസ്ഥലങ്ങളിലും താമസസ്ഥലങ്ങളിലും പ്രവാസികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും ഇപ്പോൾ പ്രധാന ചർച്ചാവിഷയം കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ ഉയർത്തുന്ന ഓരോ വിഷയവും പ്രവാസികൾക്കിടയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
സർക്കാറിന്റെ വികസന നേട്ടങ്ങളും ചുരൽമല ഉരുൾപൊട്ടൽ പുനരധിവാസവും ഒരു വിഭാഗം ഉയർത്തുമ്പോൾ, ഡീൽ ആരോപണങ്ങളും ശബരിമല വിഷയവും മറുപക്ഷവും ഉയർത്തുന്നു. കേരളം തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുന്നതിനു മുന്നേ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ, ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.
ഖത്തറിലെ വിവിധ പ്രവാസി സംഘടനകളും പ്രാദേശിക ഗ്രൂപ്പുകളും സ്ഥാനാർത്ഥികൾക്കായി സോഷ്യൽ മീഡിയയിൽ സജീവമായ പ്രചാരണം നടത്തുന്നുണ്ട്. വിവിധ പ്രാദേശിക കൂട്ടായ്മകൾ തങ്ങളുടെ മണ്ഡലങ്ങളിൽനിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പരിചയപ്പെടുന്നതിനും, അവരുടെ വികസന കാഴ്ചപ്പാടുകൾ പ്രവാസികളുമായി പങ്കുവെക്കുന്നതിനുമായി ഓൺലൈൻ മീറ്റിങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്.
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല നിയോജകമണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നേരത്തേ ഒൺലൈൻ മീറ്റിങ് സംഘടിപ്പിച്ചു.
ഇത്തവണയും നാട്ടിൽ പോയി വോട്ട് ചെയ്യണമെന്ന ആഗ്രഹം പല പ്രവാസികൾക്കുമുണ്ടെങ്കിലും നിലവിലെ സാഹചര്യങ്ങൾ തിരിച്ചടിയാവുകയാണ്. മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് പല വിമാന സർവിസുകളും റദ്ദാക്കിയതും നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കും സാധാരണക്കാരായ പ്രവാസികളുടെ ആഗ്രഹത്തിനു കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. "നാടിന്റെ വിധി നിർണയിക്കാൻ പങ്കാളിയാവണമെന്നുണ്ട്, എന്നാൽ നാട്ടിൽ പോയി വരാനുള്ള ഭാരിച്ച ചെലവ് താങ്ങാനാവില്ല - ദോഹയിലെ ഒരു പ്രവാസി ഗൾഫ് മാധ്യമത്തോട് പ്രതികരിച്ചു.
അതേസമയം, നേരിട്ട് വോട്ട് ചെയ്യാൻ സാധിക്കാത്തവർ പോലും നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് വോട്ട് പിടിക്കുന്നതിൽ സജീവമാണ്. പ്രവാസി വോട്ടുകൾ നേരിട്ട് രേഖപ്പെടുത്താൻ സൗകര്യമില്ലെങ്കിലും, കേരളത്തിലെ ജനവിധിയെ സ്വാധീനിക്കാൻ തക്കവണ്ണം ശക്തമാണ് ഗൾഫിൽ നിന്നുള്ള രാഷ്ട്രീയ കാറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.