മുൻ വർഷങ്ങളിൽ നടന്ന കതാറ ഇൻറർനാഷനൽ ഫാൽകൻ ഫെസ്റ്റിൽ നിന്ന് (ഫയൽ ചിത്രം)
ദോഹ: അഞ്ചാമത് കതാറ രാജ്യാന്തര ഫാൾകൻ മേളകൾക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ. രാജ്യാന്തര പ്രശസ്തമായ ഫാൽകൻ ഫെസ്റ്റിന് സെപ്റ്റംബർ ഏഴ് മുതൽ 11 വരെ കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷനാണ് വേദിയാവുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നടക്കുന്ന പരിപാടിയിൽ 19 രാജ്യങ്ങളിൽ നിന്ന് 160 ഓളം പ്രദർശന വിൽപന കമ്പനികൾ അണിനിരക്കുമെന്ന് സംഘാടകർ അറിയിച്ചു. കോവിഡിനിടയിലും മുടങ്ങാതെ നടക്കുന്ന പ്രദർശന മേളയുടെ അഞ്ചാമത് പതിപ്പിനാണ് ഇക്കുറി വേദിയാവുന്നത്. സൗദി അറേബ്യ, സുഡാൻ, കുവൈത്ത്, ജർമനി, ബ്രിട്ടൻ, അമേരിക്ക, സ്പെയിൻ, ഇറ്റലി, പാകിസ്താൻ, ബെൽജിയം, പോളണ്ട്, തുർക്കി, റഷ്യ, ദക്ഷിണാഫ്രിക്ക, ഫ്രാൻസ്, ലെബനാൻ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ ബുക്ക് ചെയ്തു കഴിഞ്ഞു. ഫാൽകൻ പ്രേമികൾക്കിടയിൽ ഏറെ പ്രശസ്തമാണ് കതാറയിലെ 'സ്ഹൈൽ' ഫെസ്റ്റ്. ഫാൽകൻ പക്ഷികളുടെ പ്രദർശനം, ലേലം, വേട്ട എന്നിവക്കു പുറമെ, വിവിധ പവലിയനുകളിലായി ഫാൽകൻ വേട്ടകൾക്കുപയോഗിക്കുന്ന ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെയും പ്രദർശനവും വിൽപനയുമുണ്ടാവും.
2017ലാണ് 'സ്ഹൈൽ' മേള ആരംഭിക്കുന്നത്. വേട്ടക്കാലം ആഗതമായി എന്നറിയിക്കുന്ന 'സ്ഹൈൽ' നക്ഷത്രത്തിൽ നിന്നാണ് മേളയുടെ പേര് വരുന്നത്. ആകാശത്ത് സ്ഹൈൽ നക്ഷത്രമുദിക്കുന്നതോടെ ആ വർഷത്തെ വേട്ടക്കാലം തുടങ്ങുകയായി എന്നാണ് കണക്കാക്കുന്നത്.
2020ൽ കോവിഡ് രൂക്ഷമായ സമയത്തിനിടയിലും വിജയകരമായി തന്നെ 'സ്ഹൈൽ' ഫെസ്റ്റ് നടന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 112 മുൻനിര കമ്പനികളാണ് പങ്കാളികളായത്. പ്രദർശനത്തിനൊപ്പം മത്സരങ്ങളും ലേലങ്ങളും കൗതുകകരമാണ്. മികച്ച പവലിയൻ, ഫാൽകൻ തുടങ്ങിയ വിഭാഗങ്ങളിൽ മത്സരങ്ങളുണ്ടാവും.
അഞ്ചാം പതിപ്പിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിമി അൽ സുലൈതി അറിയിച്ചു. വില്ലേജിലെ ഹാൾ 12, അൽഹിക്മ സ്ക്വയർ എന്നിവയാണ് വേദി. മുൻ വർഷങ്ങളേക്കാൾ കൂടുതൽ വിശാലമായ സ്ഥലത്തായിരിക്കും ഫെസ്റ്റ് എന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര സമൂഹത്തിനു മുമ്പാകെ ഖത്തറിെൻറ സംസ്കാരവും പാരമ്പര്യവും പരിചയപ്പെടുത്താനുള്ള അവസരം കൂടിയാണ് ഫാൽകൻ ഫെസ്റ്റ്.
ഫെസ്റ്റിൽ പങ്കാളികളാവാനെത്തുന്ന രാജ്യന്തര കമ്പനികളുടെ പ്രതിനിധികൾ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരായി രിക്കണം എന്നു നിർബന്ധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.