ജൊഫ്രെ മാറ്റ്യോ
ദോഹ: ലൂയി ഫിഗോയും റൊണാൾഡീന്യോയും കളിച്ച എൽ ക്ലാസികോ ലെജൻഡ്സ് ഫുട്ബാൾ ലീഗിൽ ഇരു നിരകളിലുമായി പന്തുതട്ടിയ 36 താരങ്ങളിൽ ഇന്ത്യയിൽ കളിച്ച ഏകതാരമായിരുന്നു ബാഴ്സലോണക്കു വേണ്ടി പന്തു തട്ടിയ ജൊഫ്രെ മാറ്റ്യോ. വ്യാഴാഴ്ച രാത്രിയിൽ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന റയൽ മഡ്രിഡ്- ബാഴ്സലോണ ലെജൻഡ്സ് എൽ ക്ലാസികോ മത്സര ശേഷം മിക്സഡ് സോണിൽ കാത്തിരുന്ന മാധ്യമ പ്രവർത്തകർക്ക് മുന്നിലെത്തിയ ജൊഫ്രെക്ക് ഇന്ത്യയെക്കുറിച്ച് പറയാൻ ഏറെയുണ്ടായിരുന്നു.
വിവിധ രാജ്യക്കാരായ മാധ്യമ പ്രവർത്തകർ നിറഞ്ഞ മിക്സഡ് സോണിലെ ഇന്ത്യൻ മാധ്യമപ്രവർത്തക സംഘത്തിന് മുന്നിലെത്തിയപ്പോൾ എറിഞ്ഞ ചോദ്യത്തിലായിരുന്നു സ്പാനിഷ് താരം ഇന്ത്യയിൽ കളിച്ച കാലത്തെക്കുറിച്ച് വാചാലനായത്.
ബാഴ്സലോണയിൽ യൂത്ത് കരിയർ തുടങ്ങി സീനിയർ ടീമിലും തുടർന്ന് ലെവാന്റെയിൽ നൂറിലേറെ മത്സരങ്ങളും, വിവിധ സ്പാനിഷ് ക്ലബുകളിലും പന്തു തട്ടിയ ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രഥമ സീസണിലായിരുന്നു ജൊഫ്രെ ഇന്ത്യയിലേക്ക് പറന്നത്. രണ്ടു പതിറ്റാണ്ടോളം നീണ്ട ക്ലബ് കരിയറിനിടയിൽ ആദ്യമായി വിദേശ ക്ലബിൽ കളിച്ചത് എ.ടി.കെ കൊൽക്കത്തയിലായിരുന്നു. പ്രഥമ സീസൺ ജേതാക്കളായ കൊൽക്കത്തയുടെ പ്രധാനിയായി വാണ താരം, അടുത്ത രണ്ടു സീസണിൽ എഫ്.സി ഗോവയിലും പന്തുതട്ടിയ ശേഷമായിരുന്നു പ്രഫഷനൽ ഫുട്ബാൾ വേഷമഴിച്ചത്.
ഖലീഫ സ്റ്റേഡിയത്തിലെ മിക്സഡ് സോണിൽ ഇന്ത്യയെക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ ഗോവൻ കാലത്തെ ഓർമകളിലേക്ക് താരം അതിവേഗം പറന്നെത്തി. ‘ഇന്ത്യയെ ഒരുപാട് ഇഷ്ടമാണ്. ഒരു വീടുപോലെതന്നെയാണ് ഇന്ത്യയെക്കുറിച്ചുള്ള ഓർമകൾ. രണ്ടു വർത്തോളം കളിച്ച ഗോവയിൽ ഒരുപാട് സുഹൃത്തുക്കളുണ്ട്. ആ സൗഹൃദവും നാടും ഇപ്പോൾ ഒരുപാട് മിസ് ചെയ്യുന്നു. തീർച്ചയായും അധികം വൈകാതെ ഞാൻ അവിടെയെത്തും’ -ജൊഫ്രെ പറഞ്ഞു. എഫ്.സി ഗോവക്കായി 23 മത്സരങ്ങളിൽ ആറ് ഗോളും, എ.ടി.കെയിൽ 12 കളിയിൽ ഒരു ഗോളും നേടി.
ഗാലറിയിൽ മലയാളത്തിന്റെ ലെജൻഡ്സും
ദോഹ: ബാഴ്സലോണക്കും റയൽ മഡ്രിഡിനുമായി പലകാലങ്ങളിലായി പന്തുതട്ടിയ ലോക ഫുട്ബാളിലെ ഇതിഹാസങ്ങൾ ഖലീഫ സ്റ്റേഡിയത്തിലെ മൈതാനത്തിറങ്ങിയപ്പോൾ ഗാലറിയിൽ ആവേശവുമായി മലയാളികളുടെ രണ്ട് ഇതിഹാസങ്ങളുമെത്തി. ഖത്തറിൽ സ്വകാര്യ പരിപാടിക്കായെത്തിയ ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ഐ.എം. വിജയനും മലയാളികളുടെ പ്രിയപ്പെട്ടതാരം ആസിഫ് സഹീറുമായിരുന്നു ഗാലറിയിൽ കാഴ്ചക്കാരുടെ നിരയിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ ദോഹയിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ലെജൻഡ്സ് എൽ ക്ലാസികോ മത്സരത്തിന് സാക്ഷ്യം വഹിക്കാനും ഇരുവർക്കും അവസരമുണ്ടായത്.
ഐ.എം. വിജയനും ആസിഫ് സഹീറും ലെജൻഡ്സ് എൽ ക്ലാസികോ വേദിയിൽ
റൊണാൾഡീന്യോയുടെ ഡയറക്ട് ഫ്രീകിക്ക് ഗോളും ഫിഗോ, ഡേവിഡ് വിയ, റിവാൾഡോ തുടങ്ങിയ സൂപ്പർ താരങ്ങളുടെ പന്തടക്കമുള്ള നീക്കങ്ങളും കൺനിറയെ കണ്ടും കൈയടിച്ചും ഇരുവരും ഗാലറിയിൽ സജീവമായി.
ലെജൻഡ്സിന്റെ മത്സരം കാണാൻ ലഭിച്ചതു തന്നെ വലിയ ഭാഗ്യമെന്നായിരുന്നു ഐ.എം. വിജയന്റെ പ്രതികരണം. മാച്ച് ടിക്കറ്റ് സമ്മാനിച്ച കെ.എം.സി.സി പ്രവർത്തകർക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ഈ പ്രായത്തിലും നല്ല പ്രകടനമായിരുന്നു താരങ്ങളിൽ നിന്നുള്ളത്. 2-2 എന്ന നിലയിൽ പിരിഞ്ഞ മത്സരഫലവും ഗംഭീരമായിരുന്നു -വിജയൻ പറഞ്ഞു.
‘അവരുടെ ഫുട്ബാളിന് പ്രായമായിട്ടില്ല’
‘ഫുട്ബാളിനൊപ്പം ചെറുപ്പത്തിൽ തന്നെ മനസ്സിൽ കൂടുകൂട്ടിയ ഇതിഹാസങ്ങളുടെ കളി നേരിൽ കാണാനായത് എക്കാലവും ഓർമയിൽ നിൽക്കുന്ന മുഹൂർത്തമാണ്.
മുൻകാല ലോകകപ്പുകളിലും ക്ലബ് ഫുട്ബാളിലുമായി ഒട്ടനവധി കളി മുഹൂത്തങ്ങൾ സമ്മാനിച്ച റൊണാൾഡീന്യോ, റിവാൾഡോ, ലൂയി ഫിഗോ, പാബ്ലോ സോറിൻ എന്നീ ഇതിഹാസങ്ങൾ കൺമുന്നിൽ ബൂട്ടുകെട്ടിയ മണിക്കൂർ ആവേശം നൽകുന്നതായിരുന്നു. പ്രായമേറെ ആയെങ്കിലും അവരുടെ ബൂട്ടിലെ ഫുട്ബാൾ മാന്ത്രിക സ്പർശത്തിന് പ്രായമായിട്ടില്ലെന്ന് മത്സരം സാക്ഷ്യപ്പെടുത്തുന്നു. ഒരു ബാഴ്സലോണ ആരാധകൻ എന്ന നിലയിലും ഏറെ പ്രിയപ്പെട്ടതായി ലെജൻഡ്സ് എൽ ക്ലാസികോ മത്സരം. റൊണാൾഡീന്യോ നേടിയ ഫ്രീകിക്ക് ഗോൾ അദ്ദേഹത്തിന്റെ പ്രതിഭയെ അടയാളപ്പെടുത്തുന്നതാണ്.
കളിയുടെ നല്ലകാലത്ത് അദ്ദേഹം നേടിയ മഴവില്ലഴകുള്ള ഫ്രീകിക്ക് ഗോളുകളെ ഓർമിപ്പിക്കുന്നതായിരുന്നു അത്. ഖത്തറിലെ അർജന്റീന, ബ്രസീൽ, പോർചുഗൽ, സ്പെയിൻ തുടങ്ങിയ ടീമുകളുടെ ആരാധകർക്ക് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഒന്നിച്ചുകാണാൻ കഴിഞ്ഞുവെന്നത് സന്തോഷ നിമിഷമായിരുന്നു.
ആസ്വാദ്യകരമായ റിയൽ ഫുട്ബാളായിരുന്നു ഗ്രൗണ്ടിൽ പ്രകടമായത്. ഒപ്പം, മലയാളി ഫുട്ബാൾ ആരാധകരുടെ ഇതിഹാസങ്ങളായ ഐ.എം. വിജയനും ആസിഫ് സഹീറും ഞങ്ങൾക്കൊപ്പം ഗാലറിയിലുണ്ടായിരുന്നു എന്നത് ഇരട്ടി മധുരമായി’. -സിദ്ദീഖ് പറമ്പൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.