പ്രവാസലോകത്തെ ആഘോഷം കളറാകും; വിഷുവൊരുക്കത്തിൽ പ്രവാസികൾ

ദോഹ: മഞ്ഞയിൽ പൂത്തുലഞ്ഞ കൊന്ന മരവും, കണിവെള്ളരിയുമായി ഗൃഹാതുര സ്മരണകളുയർത്തുന്ന വിഷു ആഘോഷത്തിനൊരുങ്ങി ലോകമെമ്പാടുമുള്ള മലയാളികൾ. മേടമാസത്തിലെ ഒന്നാം തീയതിയിലാണ് വിഷു ആഘോഷിക്കുന്നത്. പ്രവാസലോകത്തും ആഘോഷങ്ങൾ ഒട്ടും പിന്നിലല്ല. ഖത്തറിലെ മലയാളികളും ഏറെ ആവേശത്തോടെയാണ് വിഷുവിനെ വരവേൽക്കുന്നത്. നാടിന്റെ ഓർമകൾ പുതുക്കി, വറുതിയില്ലാത്ത ഒരു നല്ല നാളെയെ സ്വപ്നം കണ്ടുകൊണ്ട് ഖത്തറിലെ ഓരോ മലയാളിയും വിഷുവിനെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

ഇത്തവണ വിഷു എത്തുന്നത്, ബുധനാഴ്ച പ്രവൃത്തി ദിനമായതിനാൽ ആഘോഷങ്ങളുടെ പൊലിമ അൽപം കുറച്ചേക്കാം. എന്നാലും, പുലർച്ചെ കണികണ്ടും വിഷു സദ്യയൊരുക്കിയും വിഷു കൈനീട്ടം നൽകിയും ആഘോഷം കളറാക്കാനുള്ള തയാറെടുപ്പിലാണ് മലയാളി കുടുംബങ്ങൾ. അവധി ലഭിക്കാത്തവർ വൈകുന്നേരങ്ങളിൽ സദ്യയൊരുക്കിയും കൂട്ടുകാർക്കൊപ്പം ഒത്തുചേർന്നുമായിരിക്കും ആഘോഷം പൂർത്തിയാക്കുക.

വിഷു പ്രമാണിച്ച് ഖത്തറിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആഘോഷത്തിന് ആവശ്യമായ വിഭവങ്ങൾ ഒരുക്കുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കണി വിഭവങ്ങളും, സദ്യകൂട്ടുകളും, കണിക്കൊന്നയും ഉൾപ്പെടെയുള്ള വിഷു സ്പെഷലുകളും വിപണിയിൽ സുലഭമാണ്. ഗാർമെന്റ്സ് വിഭാഗങ്ങളിൽ കസവ് മുണ്ടും സാരിയും ഉൾപ്പെടെ വിഷു സ്പെഷ്യൽ വസ്ത്രങ്ങളുടെ വലിയൊരു ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിഷുവിനോടനുബന്ധിച്ച് ആകർഷകമായ പ്രമോഷനുകളും ഡിസ്‌കൗണ്ടുകളുമാണ് ഹൈപ്പർ മാർക്കറ്റുകൾ നൽകുന്നത്.

പ്രധാന ഹൈപ്പർമാർക്കറ്റുകളായ ലുലു, സഫാരി, ഗ്രാൻഡ് ഉൾപ്പെടെ കേന്ദ്രങ്ങളിൽ വിഷു വിപണി ഇതിനകം ആരംഭിച്ചു. വിഷു സദ്യയുടെ ബുക്കിങ്ങാണ് ഇപ്പോൾ സജീവമായത്. 25 മുതൽ 45 റിയാൽ വരെ വിവിധ നിരക്കുകളിൽ രുചിയേറിയ വിഷു സദ്യകൾ ലഭ്യമാണ്. 22 ഇനം വിഭവങ്ങളുമായി ഗംഭീര വിഷു സദ്യയാണ് ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. പാലടപായസം മുതൽ അവിയലും തോരനും കൂട്ടുകറിയും ഉൾപ്പെടെ 33.50 റിയാലാണ് വില. സഫാരി ഹൈപ്പർമാർക്കറ്റിൽ 25 വിഭവങ്ങളുമായി വിഷു സദ്യ 35 റിയാലിന് ലഭ്യമാണ്. ഇതും ബുക്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് 27 വിഭവങ്ങളുമായി 29 റിയാലിനും നൽകുന്നു. മുൻകൂർ ബുക്കിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് വിഷു ദിനത്തിൽ സദ്യ വിതരണം ചെയ്യും. ഹൈപ്പർമാർക്കറ്റുകൾക്ക് പുറമെ, എണ്ണമറ്റ വിഭവങ്ങളുമായി ഹോട്ടലുകളും സദ്യ ബുക്കിങ്ങുമായി രംഗത്തുണ്ട്.

Tags:    
News Summary - Celebrations in the expatriate world will be colorful; expats in the midst of Vishu preparations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.