നമുക്ക് ഒന്നിച്ച് മുന്നോട്ടുപോകാം

സംഘർഷങ്ങളെ അതിജയിച്ച് കരുത്തോടെ മുന്നോട്ട് പോകുകയാണ് ജി.സി.സിയും പശ്ചിമേഷ്യയും. 40 ദിവസം പിന്നിട്ട യുദ്ധം പശ്ചിമേഷ്യയിലും ലോകരാഷ്ട്രങ്ങൾക്കിടയിലും പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. സമാധാനം, സുരക്ഷ, ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധി, ഊർജ വിതരണം, ചരക്കുനീക്കം എന്നിങ്ങനെ, യുദ്ധം പശ്ചിമേഷ്യൻ രാജ്യങ്ങളിലായിരുന്നെങ്കിലും ലോകക്രമത്തെ തന്നെ അത് ബാധിച്ചു. പാകിസ്താന്റെ മധ്യസ്ഥതയിൽ താൽക്കാലിക വെടിനിർത്തലും സമാധാന ചർച്ചകളും പുരോഗമിക്കുകയാണ്. അതേസമയം, സംഘർഷങ്ങളെ അതിജീവിച്ച് ഖത്തർ സുരക്ഷിതമാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേളയിൽ, ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഗൾഫ് മാധ്യമത്തോട് സംസാരിക്കുന്നു.

മേഖലയിലെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ എംബസി ഖത്തറിലെ മന്ത്രാലയങ്ങളുമായും അധികൃതരുമായും എങ്ങനെ സഹകരിച്ചു പ്രവർത്തിച്ചു ?

ഇന്ത്യയും ഖത്തറും തമ്മിൽ ദീർഘകാല ബന്ധമുണ്ട്. നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് നീളുന്ന ചരിത്രപരമായ ബന്ധമാണിത്. കഴിഞ്ഞ ഒരു ദശകത്തിലധികമായി ഇത് കൂടുതൽ കരുത്താർജിച്ചിട്ടുണ്ട്. രാഷ്ട്രീയ തലത്തിൽ ഉന്നത നേതൃത്വങ്ങൾ തമ്മിലും വ്യാപാരം, നിക്ഷേപം, ഊർജം തുടങ്ങി മിക്കവാറും എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിൽ സൗഹൃദവും സഹകരണവും ദൃശ്യമാണ്. ഊർജ മേഖല നമ്മുടെ സഹകരണത്തിലെ ഏറ്റവും വലിയ ഭാഗമാണ്.

അതുകൊണ്ട് തന്നെ, ദോഹയിലെ ഇന്ത്യൻ എംബസി ഖത്തറിലെ വിവിധ സർക്കാർ വകുപ്പുകളുമായും മന്ത്രാലയങ്ങളുമായും സമ്പർക്കം പുലർത്താറുണ്ട്. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, കഴിഞ്ഞ ഒരു മാസത്തിലേറെയായി വിവിധ സർക്കാർ വിഭാഗങ്ങളുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.

പ്രത്യേകിച്ച് വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ കൃത്യമായി വിവരങ്ങൾ അറിയിക്കുന്നതിലും അവർക്ക് സുരക്ഷിതബോധം നൽകുന്നതിലും ഖത്തർ ആഭ്യന്തര മന്ത്രാലയം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇത് ഖത്തറിൽ താമസിക്കുന്ന എല്ലാവർക്കും വലിയ സഹായകരമാണ്.

കൂടാതെ, സംഘർഷം ആരംഭിച്ചതു മുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി രണ്ട് തവണയെങ്കിലും സംസാരിച്ചിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രിയും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും തമ്മിലും ആശയവിനിമയം നടത്തിയിട്ടുണ്ട്. ഖത്തറിനു നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുകയും, രാജ്യത്തിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതക്കും പൂർണ്ണ പിന്തുണ അറിയിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ തുടർച്ചയായി ഈ ആശയവിനിമയം നടക്കുന്നുണ്ട്.

വ്യോമപാത അടച്ചതിനാൽ എയർലൈൻ സേവനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഹയ്യ എ 1/ ഹ്രസ്വകാല ടൂറിസ്റ്റ് വിസയിലുള്ളവർക്ക് നൽകുന്ന പിന്തുണകൾ എന്തൊക്കെയാണ് ? എത്രപേർ ഇതിനോടകം മടങ്ങിപോയി ?

ഫെബ്രുവരി 28 ന് സംഘർഷം ആരംഭിച്ചപ്പോൾ വിമാന സർവിസുകൾ മുടങ്ങിയത് പ്രതിസന്ധിയായിരുന്നു. ഫെബ്രുവരി 28 മുതൽ മാർച്ച് 9 വരെ ഇന്ത്യയിലേക്ക് വിമാന സർവിസുകൾ ഉണ്ടായിരുന്നില്ല. എന്നാൽ, വ്യോമപാത ഭാഗികമായി തുറന്നതോടെ സർവിസുകൾ പുനഃരാരംഭിക്കുകയും മാർച്ച് ഒമ്പതു മുതൽ ഇന്ത്യയിലേക്ക് സർവിസുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മാർച്ച് 18 മുതൽ ഖത്തർ എയർവേയ്‌സ് പ്രതിദിനം 10 വിമാന സർവിസുകൾ വരെ ഇന്ത്യയിലേക്ക് നടത്തുന്നുണ്ട്. നിലവിൽ അതൊരു വലിയ പ്രശ്നമല്ല.

വിമാനങ്ങൾ ഇല്ലാതിരുന്ന ഫെബ്രുവരി 28 മുതൽ മാർച്ച് 15 വരെയുള്ള സമയത്ത്, സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുമായി ചേർന്ന് പ്രവർത്തിച്ചു. റിയാദിൽ നിന്ന് വിമാനങ്ങൾ ലഭ്യമായതിനാൽ സൗദി അറേബ്യ വഴി യാത്ര ചെയ്യാൻ താൽക്കാലിക ട്രാൻസിറ്റ് വിസകൾ ശരിയാക്കി നൽകി. ഏകദേശം 1,500 മുതൽ 2,000 വരെ ആളുകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് നിരവധി അന്വേഷണങ്ങൾ, പ്രത്യേകിച്ച് വിമാന യാത്രയുമായി ബന്ധപ്പെട്ട് ഹെൽപ് ഡെസ്കുകളിലേക്ക് ലഭിക്കുന്നുണ്ടായിരുന്നു. അത്തരം പരാതികളും അന്വേഷണങ്ങളും പരിഹരിക്കാൻ സാധിച്ചു. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് എംബസി ഒരുക്കിയിരുന്നു. മാർച്ച് 9 -ന് ശേഷം ഖത്തർ എയർവേയ്‌സ് വഴി 50,000-ത്തിലധികം ഇന്ത്യക്കാർ ഇതിനോടകം യാത്ര ചെയ്തിട്ടുണ്ട്.

ഇന്ത്യൻ സമൂഹവുമായുള്ള ആശയവിനിമയത്തിനായി എംബസി സ്ഥാപിച്ചിട്ടുള്ള മാർഗങ്ങൾ എന്തൊക്കെയാണ്?

സംഘർഷം തുടങ്ങിയത് മുതൽ എംബസി പൂർണ ശേഷിയിലാണ് പ്രവർത്തിക്കുന്നത്. സമൂഹത്തിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരുടെ സഹായവും ലഭിക്കുന്നുണ്ട്. 24/7 ഹെൽപ്പ് ലൈനുകൾ, വാട്‌സ്ആപ്പ്, ഇമെയിൽ എന്നിവ വഴി പ്രവാസികളുടെ എല്ലാ പരാതികൾക്കും മറുപടി നൽകുന്നു. ഏറ്റവും തിരക്കുള്ള ദിവസങ്ങളിൽ പ്രതിദിനം 600-700 അന്വേഷണങ്ങൾ വരെ എംബസി പരിഹരിച്ചിട്ടുണ്ട്.

ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെടുന്നതിന് എംബസിയുടെ അപെക്സ് ബോഡി സംഘടനകളുമായും മറ്റ് ഇന്ത്യൻ കമ്യൂണിറ്റി സംഘടനകളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നു. ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകളുമായി രണ്ട് മീറ്റിങ്ങുകൾ ഇക്കാലയളവിൽ നടത്തി. അതിൽ എംബസിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും, കമ്മ്യൂണിറ്റി നേതാക്കൾക്ക് അവരുടെ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു.

എംബസിയും ഇന്ത്യൻ കൾച്ചറൽ സെന്ററും (ഐ.സി.സി), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവും (ഐ.സി.ബി.എഫ്) ഹെൽപ് ഡെസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, സോഷ്യൽ മീഡിയ വഴി കൃത്യമായ അപ്‌ഡേറ്റുകളും നിർദേശങ്ങളും നൽകിവരുന്നു. വിമാനയാത്രാ വിവരങ്ങൾ, മന്ത്രാലയങ്ങളുടെ അറിയിപ്പുകൾ, പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ, ജെഇഇ മെയിൻ പരീക്ഷ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ നിർദേശങ്ങളും യഥാസമയം ഇന്ത്യൻ കമ്മ്യൂണിറ്റിയിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

ഖത്തറിലെ എട്ട് ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികളിലേക്ക് വിവരങ്ങളെത്തിക്കുന്നതിൽ വിവിധ കമ്മ്യൂണിറ്റി സംഘടനകൾ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളായാലും വലിയ കേരള കമ്മ്യൂണിറ്റിയുടെ കാര്യമായാലും അവരുമായി നിരന്തരം ബന്ധപ്പെടാൻ കമ്മ്യൂണിറ്റി സംഘടനകൾ എംബസിയെ സഹായിച്ചു. എല്ലാ കമ്മ്യൂണിറ്റി സംഘടനകൾക്കും ഞാൻ നന്ദി പറയുകയാണ്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയും പരിഹരിക്കാൻ ചേർന്നുനിന്ന് പ്രവർത്തിക്കുകയും ചെയ്തു.

ഖത്തറിലെ ഇന്ത്യൻ സമൂഹം മികച്ച പ്രതിരോധശേഷി പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം ജോലി, നിക്ഷേപം, സുരക്ഷ എന്നിവയെ കുറിച്ച് ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ പ്രവാസികളോട് എന്താണ് പറയാനുള്ളത്?

40 ദിവസമായി മേഖല നേരിട്ടുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെ സാഹചര്യം കണക്കിലെടുക്കുമ്പോൾ, തങ്ങളുടെ ജോലിയെക്കുറിച്ചും ബിസിനസ്സുകളെക്കുറിച്ചും ഭാവിയെ കുറിച്ചും ധാരാളം ആളുകൾ ആശങ്കാകുലരാണ്. നാം 'അതിജീവന' (Resilience) ശേഷിയുള്ളവരായിരിക്കണം. പ്രതിസന്ധികളെ മനക്കരുത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടണം എന്നതാണ് എനിക്ക് നൽകാനുള്ള പ്രധാന സന്ദേശം. ഖത്തറിലും ഇന്ത്യയിലും വിശ്വാസം അർപ്പിക്കണം.

താമസക്കാരുടെ ക്ഷേമം അന്വേഷിച്ചും അത്യാവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയും ഖത്തരി ഭരണകൂടം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തെ മികച്ച രീതിയിൽ നേരിട്ടതിന് ഖത്തർ ഗവൺമെന്റിനോട് നാം നന്ദി പറയേണ്ടതുണ്ട്. പുതിയ സാഹചര്യത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലവിലുണ്ട്. കാര്യങ്ങൾ ശാന്തമാകുമെന്നും, ജീവിതം സാധാരണ നിലയിലാകുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

ഈ നാടിനും ജനതക്കും സുരക്ഷയൊരുക്കുന്ന ഖത്തർ അമീറിനോടും ഭരണകൂടത്തോടുമുള്ള സന്ദേശം ?

ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലും ചേർത്തുനിർത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പ്രാദേശിക ഭരണകൂടം, ഖത്തരി ജനത എന്നിവരോട് നാം നന്ദി പറയേണ്ടുണ്ട്. കോവിഡ് സമയത്തെന്നപോലെ, ഇന്ത്യൻ കമ്മ്യൂണിറ്റിയെയും ഖത്തറിലെ മറ്റ് താമസക്കാരെയും ഏറ്റവും മികച്ച രീതിയിലാണ് പരിഗണിച്ചിട്ടുള്ളത്. തീർച്ചയായും ഖത്തറിനോട് നമുക്ക് കടപ്പാടുണ്ട്. ഇന്ത്യയും ഖത്തറും തമ്മിൽ വളരെ അടുത്ത സൗഹൃദ ബന്ധമാണുള്ളത്. അത് നിലനിർത്താൻ നാമെല്ലാവരും പരിശ്രമിക്കേണ്ടതുണ്ട്. ഇന്ത്യയും ഖത്തറും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം വരും കാലങ്ങളിലും കൂടുതൽ ദൃഢമാകുമെന്നും മുന്നോട്ട് പോകുമെന്നും എനിക്ക് ഉറപ്പുണ്ട്.

ഗൾഫ് മാധ്യമം വായനക്കാരോട്

ഗൾഫ് മാധ്യമത്തിന്റെ വായനക്കാരോടും ഖത്തറിലെ എല്ലാ ഇന്ത്യക്കാരോടുമായി പറയാനുള്ളത്, നമ്മൾ അതിജീന ശേഷിയുള്ളവരായിരിക്കണം എന്നാണ്. കഴിഞ്ഞ 40 ദിവസങ്ങളായി നിലനിൽക്കുന്ന സാഹചര്യത്തെ വലിയ മനക്കരുത്തോടും ധൈര്യത്തോടും കൂടിയാണ് നാം നേരിട്ടത്. അത് തുടരണം. മേഖലയിൽ സമാധാനവും സ്ഥിരതയും തിരികെ വരുമെന്ന് പ്രത്യാശിക്കാം.

ഖത്തറുമായും മേഖലയുമായും ഇന്ത്യക്ക് ചരിത്രപരമായ ബന്ധമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ച രീതിയിൽ മുന്നോട്ട് പോകാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

"നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം" എല്ലാവർക്കും ആശംസകൾ നേരുന്നു.

തയാറാക്കിയത്-മുസ്താഖ് അലവി


Tags:    
News Summary - Let's move forward together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.