ദോഹ: ഹുർമുസ് കടലിടുക്കിന്റെ സുരക്ഷയെ ഒരു കക്ഷിയും ഭീഷണിപ്പെടുത്താൻ പാടില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി. പ്രതിസന്ധിക്കുള്ള പരിഹാരം പ്രാദേശികമായിരിക്കണം, നിലവിൽ ഹുർമുസിനെക്കാൽ മുൻഗണന ലബനാനിലെ വെടിനിർത്തലിന് നൽകണമെന്നും അദ്ദേഹം പ്രതിവാര വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹുർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്നുള്ള ദോഷഫലങ്ങൾ ഇല്ലാതാക്കുന്നതിന് പങ്കാളികളുമായി ഖത്തർ ആശയവിനിമയം നടത്തിവരികയാണ്. ഹുർമുസ് കടലിടുക്കിന്റെ സുരക്ഷയെ സംബന്ധിച്ച് ഒരു കക്ഷിയും ഭീഷണിപ്പെടുത്താൻ പാടില്ല. അത് വീണ്ടും തുറക്കുന്നതിന് മുൻകൂർ നിബന്ധനകളും ഉണ്ടാകരുത്. ഈ പ്രതിസന്ധിക്കുള്ള പരിഹാരം പ്രാദേശികമായിരിക്കണമെന്നും തീരദേശ രാജ്യങ്ങളെയും ഹുർമുസിനെ ആശ്രയിക്കുന്ന രാജ്യങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ളതാകണെമന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും ഗുണകരമാകുന്ന രീതിയിൽ ദോഷഫലങ്ങൾ അവസാനിപ്പിക്കാൻ പങ്കാളികളുമായി ഖത്തർ ബന്ധപ്പെടുന്നുണ്ട്. പാകിസ്താനിൽ നടക്കുന്ന പുതിയ ചർച്ചകളുടെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. ഈ നയതന്ത്ര ശ്രമങ്ങളെ ഖത്തർ പിന്തുണക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. മധ്യസ്ഥ ശ്രമങ്ങളുടെ വിജയവും സംഘർഷം ലഘൂകരിക്കുന്നതും ഉറപ്പാക്കാൻ തീവ്രമായ പ്രാദേശിക ശ്രമങ്ങൾ ഖത്തർ ഇപ്പോൾ നടത്തിവരുകയാണെന്നും മാജിദ് അൽ അൻസാരി വ്യക്തമാക്കി.
ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഖത്തറും ഇറാനും തമ്മിൽ കരാറുണ്ടെന്ന വാദങ്ങളെ അദ്ദേഹം തള്ളി. യുദ്ധകാലത്തുടനീളം ഖത്തറിനു നേരെ ഇറാന്റെ ആക്രമണങ്ങൾ ഉണ്ടായിരുന്നുവെന്നും, വെടിനിർത്തലിന് ശേഷം മാത്രമാണ് അവ അവസാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധം ആഗോള ഊർജ വിപണിയെ ബാധിക്കുന്നുണ്ടെന്നും ലബനാന്റെ പരമാധികാരത്തിന്മേലുള്ള ആക്രമണങ്ങൾ അപലപനീയമാണെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു
''ഹുർമുസ് കടലിടുക്ക് തുറക്കുന്നതിന് മുൻകൂർ നിബന്ധനകൾ ഉണ്ടാകരുത് -ഡോ. മാജിദ് അൽ അൻസാരി''
പ്രധാനമന്ത്രി -സൗദി വിദേശകാര്യ മന്ത്രി ചർച്ച നടത്തി
ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം
ആൽഥാനി, അമീർ ഫൈസൽ ബിൻ ഫർഹാൻ
ദോഹ: പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും ചർച്ച ചെയ്ത് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി ടെലിഫോൺ മുഖേന സംഭാഷണം നടത്തി. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും, സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന നയതന്ത്ര നീക്കങ്ങളും ചർച്ചയിൽ പ്രധാന വിഷയമായി.
മേഖലയിലെ പ്രതിസന്ധികൾ വിലയിരുത്തിയ ഇരു നേതാക്കളും, ഇത് ഉണ്ടാക്കാവുന്ന ആഘാതങ്ങളെക്കുറിച്ചും അവ പരിഹരിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ആശയവിനിമയം നടത്തി. മേഖലയിൽ സുസ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിന് നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി.
ഖത്തർ പ്രധാനമന്ത്രി -ഇറാൻ വിദേശകാര്യ മന്ത്രി ചർച്ച
ദോഹ: മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ആശയവിനിമയം നടത്തി. ഇറൻ -യു.എസ് വെടിനിർത്തൽ തീരുമാനവും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ചയായി. നിലവിലെ വെടിനിർത്തൽ പ്രഖ്യാപനങ്ങളെ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്ന് അവർ വിലയിരുത്തി.
സമാധാനപരമായ ചർച്ചകളിലൂടെ സംഘർഷം പരിഹരിക്കാൻ എല്ലാ കക്ഷികളും മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വീണ്ടും ഒരു യുദ്ധസാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് തടയാൻ സുസ്ഥിരമായ കരാറുകൾ ആവശ്യമാണ്.
സമുദ്രപാതകളെ രാഷ്ട്രീയ വിലപേശലിനോ സമ്മർദ തന്ത്രങ്ങൾക്കോ വേണ്ടി ഉപയോഗിക്കരുത്. സമുദ്രഗതാഗതം തടസ്സപ്പെടുന്നത് ആഗോള തലത്തിൽ ഭക്ഷ്യ -ഊർജ വിതരണത്തെ ബാധിക്കുമെന്നും, ഇത് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.