ഗസ്സ വെടിനിർത്തൽ ഇന്ന് രാവിലെ ഏഴ് മുതൽ

ദോഹ: ഗസ്സയിലെ വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതൽ പ്രാബല്ല്യത്തിൽ വരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം. ഹമാസും, ഇസ്രായേലും അംഗീകരിച്ച വെടിനിർത്തൽ കരാറി​ന്റെ അടിസ്ഥാനത്തിൽ നാലു ദിവസത്തെ താൽകാലിക യുദ്ധവിരാമത്തിനാണ് വെള്ളിയാഴ്ച രാവിലെ തുടക്കം കുറിക്കുന്നത്.

ബുധനാഴ്ച പ്രഖ്യാപിച്ച കരാർ, അന്തിമ രൂപമായതിനു പിന്നാലെ, മധ്യസ്ഥ ചർച്ചകൾക്കു നേതൃത്വം നൽകിയ ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അൽ അൻസാരിയാണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.

കരാറി​െൻറ അടിസ്ഥാനത്തിൽ ബന്ദികളുടെ കൈമാറ്റവും ​വെള്ളിയാഴ്ച തന്നെ ആരംഭിക്കും.​ ബന്ദികളിൽ നിന്നുള്ള ആദ്യ സംഘത്തെ വൈകുന്നേരം നാല് മണിയോടെ മോചിപ്പിക്കും. ​ഇവരുടെ പേരു വിവരങ്ങൾ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയതായും ഖത്തർ അറിയിച്ചു. ഖത്തറിന്റെ നേതൃത്വത്തിൽ ഈജ്പ്തും അമേരിക്കയുമായി സഹകരിച്ചാണ് 48 ദിവസം പിന്നിട്ട യുദ്ധത്തിനൊടുവിൽ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും വഴിയൊരുക്കിയത്.

വ്യാഴാഴ്ച രാവിലെ മുതൽ ഗസ്സയിലുടനീളം കര, വ്യോമ മാർഗങ്ങളിലൂടെ താമസകേന്ദ്രങ്ങളും ആശുപത്രികളും ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് ഇസ്രായേൽ സേന നടത്തിയത്. ഹമാസിന്റെ സൈനികകേന്ദ്രവും ഭൂഗർഭ അറയും ആയുധസംഭരണ കേന്ദ്രങ്ങളും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് വിശദീകരണം. യുദ്ധം നിർത്താൻ ഉദ്ദേശ്യമില്ലെന്നും അന്തിമ വിജയം കൈവരിക്കുംവരെ മുന്നോട്ടുപോകുമെന്നും ഇസ്രായേലി സൈനിക മേധാവി ​ഹെർസി ഹാലവി പ്രഖ്യാപിക്കുകയും ചെയ്തു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേരുടെ ആദ്യ സംഘത്തെയാണ് വെള്ളിയാഴ്ച മോചിപ്പിക്കുന്നത്. എത്ര ഫലസ്തീനികൾ വെള്ളിയാഴ്ച മോചിപ്പിക്കപ്പെടുമെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല.സമ്പൂർണ വെടിനിർത്തലും, മേഖലയിലെ സമാധാനം പുനസ്ഥാപിക്കലുമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അതേസമയം, ഇസ്രായേലിന്റെ രണ്ടു സൈനിക വാഹനങ്ങൾ തകർത്തതായി അൽഖുദ്സ് ബ്രിഗേഡ് അവകാശപ്പെട്ടു. ബൈത്ത് ഹാനൂൻ മുതൽ ജബലിയ വരെ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് അൽ ഖസ്സാം ബ്രിഗേഡും അറിയിച്ചു. കമാൻഡർ റാങ്കിലുള്ള ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഇതോടെ കരയുദ്ധം ആരംഭിച്ചതു മുതൽ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 72 ആയി. 


Tags:    
News Summary - Israel-Hamas ceasefire to begin at 7am tomorrow, Qatar says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.