ഇന്ത്യൻ സ്കൂൾ യുവജനോത്സവം 'കലാഞ്ജലി 2026' പ്രഖ്യാപനം ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് നിർവഹിക്കുന്നു
കലാഞ്ജലി ഇന്ത്യൻ സ്കൂൾ യുവജനോത്സവം ഒക്ടോബറിൽ
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂൾ യുവജനോത്സവം 'കലാഞ്ജലി 2026' പ്രഖ്യാപനം ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് നിർവഹിച്ചു. ഈ വർഷത്തെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ യുലജനോത്സവം ഒക്ടോബർ 16 മുതൽ 30 വരെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കും. ചടങ്ങിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ഐ.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ പി.എൻ. ബാബുരാജൻ ഉൾപ്പെടെയുള്ള കലാഞ്ജലി അഡ്വൈസറി ബോർഡ് അംഗങ്ങൾ സന്നിഹിതരായിരുന്നു.
ഭവൻസ് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം അജാന മേനോൻ ഔദ്യോഗിക വിഡിയോ പ്രകാശനം ചെയ്തു. കലാഞ്ജലി 2019–2025 സുവനീർ ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അസം ഖാൻ പ്രകാശനം ചെയ്തു. കലാഞ്ജലി പ്രസിഡന്റ് ബിനു കുമാർ സ്വാഗതം പറഞ്ഞ ചടങ്ഹിൽ ജനറൽ സെക്രട്ടറി അൻവർ ഹുസൈൻ പദ്ധതികളും ഭാവി പരിപാടികളും അവതരിപ്പിച്ചു. ഓഫ് സ്റ്റേജ് മത്സരങ്ങൾ ഒക്ടോബർ 16, 17 തീയതികളിലും, ഓൺ -സ്റ്റേജ് മത്സരങ്ങൾ 23 മുതൽ 28 വരെയും നടക്കും. ഒക്ടോബർ 29ന് പ്രത്യേക വിദ്യാർഥികൾക്കും അധ്യാപകർക്കുമായി പരിപാടികൾ സംഘടിപ്പിക്കും. സമാപന പരിപാടി ഒക്ടോബർ 30ന് നടക്കും.
ഈ വർഷത്തെ പ്രത്യേകമായി കെ.ജി വിദ്യാർഥികൾക്കായി മെഗാ സ്റ്റേജ് പരിപാടിയും ഒരുക്കുന്നുണ്ട്. വർധിച്ചുവരുന്ന പങ്കാളിത്തം കണക്കിലെടുത്ത് മത്സര വേദികളുടെ എണ്ണവും ഇരട്ടിയാക്കിയിട്ടുണ്ട്. രണ്ട്, മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനവിതരണവും അതത് ദിവസം നടക്കും. ഒന്നാം സ്ഥാനം നേടിയവർക്കുള്ള സമ്മാനം സമാപന പരിപാടിയിൽ വിതരണം ചെയ്യും. കാലാഞ്ജലി 2026ന്റെ വിജയത്തിനായി സ്കൂൾ മാനേജ്മെന്റുകൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ, സ്പോൺസർമാർ, പ്രവാസി സമൂഹം എന്നിവരുടെ പിന്തണയുണ്ടാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.