ഖത്തർ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ, ചൈനീസ് ഭവന നഗര -ഗ്രാമീണ വികസന വകുപ്പ് മന്ത്രി നി ഹോങ്ങിനും മറ്റ് ഉദ്യോഗസ്ഥർക്കുമൊപ്പം
ഖത്തർ മുനിസിപ്പാലിറ്റി മന്ത്രി-ചൈനീസ് ഭവന, നഗരവികസന മന്ത്രി കൂടിക്കാഴ്ച നടത്തി
ദോഹ: ഔദ്യോഗിക ചൈനീസ് സന്ദർശനത്തിനിടെ ഖത്തർ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ, ചൈനീസ് ഭവന നഗര -ഗ്രാമീണ വികസന വകുപ്പ് മന്ത്രി നി ഹോങ്ങുമായി കൂടിക്കാഴ്ച നടത്തി. നഗരാസൂത്രണം, വികസനം, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സുസ്ഥിര -സ്മാർട്ട് നിർമാണ സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും അറിവും വൈദഗ്ധ്യവും പങ്കുവെക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
നഗരവികസന രംഗത്ത് ഉപയോഗിക്കുന്ന വിവിധ നൂതന സാങ്കേതികവിദ്യകളും ആധുനിക പരിഹാരമാർഗങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. ഭവന, നഗരവികസന മേഖലകളിലെ അനുഭവസമ്പത്ത് പരസ്പരം പ്രയോജനപ്പെടുത്തുന്നതിനും കൂടുതൽ മേഖലകളിലേക്ക് പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനുമുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ വിലയിരുത്തി.
ചൈന സന്ദർശനത്തിനിടെ കഴിഞ്ഞദിവസം പ്രമുഖ ചൈനീസ് കമ്പനികളുടെ പ്രതിനിധികളുമായി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ ചർച്ച നടത്തിയിരുന്നു. കൃഷി, പൊതുസേവനങ്ങൾ, നിർമാണം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ചർച്ച നടന്നു.
സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള സ്മാർട്ട് സിസ്റ്റങ്ങൾ, ശുചീകരണത്തിനും മറ്റ് പൊതുസേവനങ്ങൾക്കുമായി ഉപയോഗിക്കുന്ന റോബോട്ടുകൾ ഉൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.