ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച അധ്യാപക ദിനാഘോഷ സമാപന പരിപാടിയിൽ കേക്ക് മുറിക്കുന്നു
അധ്യാപകർക്ക് ആദരവുമായി ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ
ദോഹ: അധ്യാപകരോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ച് ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിൽ അധ്യാപക ദിനാഘോഷം രണ്ട് ദിവസങ്ങളിലായി വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. സെപ്റ്റംബർ മൂന്നിന് സംഘടിപ്പിച്ച പ്രത്യേക അധ്യാപക -വിദ്യാർഥി ആക്റ്റിവിറ്റിയിലൂടെ തിരഞ്ഞെടുത്ത 11, 12 ക്ലാസുകളിലെ വിദ്യാർഥികൾ അധ്യാപകരുടെ ദൗത്യം ഏറ്റെടുത്തു. കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിൽ ഇവർ പഠനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അധ്യാപക വേഷമണിഞ്ഞ് എത്തിയ വിദ്യാർഥികൾക്ക് ഈ അനുഭവം നേതൃത്വപാടവം, ആശയവിനിമയ ശേഷി, എന്നിവ വളർത്താൻ സഹായിച്ചു. കൂടാതെ, അധ്യാപന മേഖലയിലെ ഉത്തരവാദിത്തബോധവും പ്രതിബദ്ധതയും നേരിട്ടറിയാനും സാധിച്ചു.
അധ്യാപക ദിനത്തിൽ സ്കൂളിലെ മൾട്ടിപർപ്പസ് ഹാളിൽ നടന്ന സമാപന പരിപാടിയിൽ മോണിങ്, ഈവനിങ് സെഷനുകളിലെ സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടികൾ നടന്നു. ചടങ്ങിൽ സാംസ്‌കാരിക പരിപാടികൾ, നൃത്ത -സംഗീത വിരുന്നുകൾ, ഗെയിമുകൾ എന്നിവ അരങ്ങേറി.
ചടങ്ങിൽ അധ്യക്ഷത വഹിച്ച സ്കൂൾ പ്രസിഡന്റ് റഷീദ് അഹമ്മദ്, പ്രിൻസിപ്പൽ റഫീഖ് റഹീം എന്നിവർ അധ്യാപകർക്ക് ആശംസകൾ നേർന്നു. വിദ്യാർഥികളുടെ സമഗ്രമായ വളർച്ചക്കായി അവർ നൽകുന്ന നിസ്വാർത്ഥ സേവനങ്ങളെയും സംഭാവനകളെയും പ്രശംസിക്കുകയും ചെയ്തു. കേക് മുറിക്കൽ ചടങ്ങിന് ശേഷം സ്‌കൂൾ മാനേജ്‌മെന്റ് അധ്യാപകർക്കായി പ്രത്യേക വിരുന്നും സജ്ജീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.