തെഹ്റാനിൽ ഇറാൻ-ഒമാൻ വിദേശകാര്യ മന്ത്രിമാരുമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെഷസ്കിയാനുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി കൂടിക്കാഴ്ച നടത്തി. ഒമാൻ മധ്യസ്ഥതയിലെ ഇറാൻ -യു.എസ് ആണവ ചർച്ചകളുടെ തുടർച്ചയായി തെഹ്റാനിൽ നടന്ന കൂടിക്കാഴ്ചകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
തെഹ്റാനിൽ ഇറാൻ, ഒമാൻ വിദേശകാര്യ മന്ത്രിമാരായ ഡോ. അബ്ബാസ് അറാഗ്ചി, സയ്യിദ് ബദ്ർ ഹമദ് അൽബുസൈദി എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. യു.എസ് -ഇറാൻ ചർച്ചകളുടെ പുരോഗതി യോഗം ചർച്ച ചെയ്തു.
കരാറിലേക്ക് നയിക്കുന്ന ധാരണകളിലെത്തുക എന്ന ലക്ഷ്യത്തോടെ ഇത്തരത്തിലുള്ള യോഗത്തിന് മുൻകൈയെടുത്ത ഖത്തറിനെ സയ്യിദ് ബദ്റും ഇറാൻ വിദേശകാര്യമന്ത്രിയും അഭിനന്ദിച്ചു. വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ചിയുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തി. ഇറാൻ -യു.എസ് ചർച്ചകളുമായി ബന്ധപ്പെട്ട നിരവധി ആശയങ്ങളും നിർദേശങ്ങളും ഇരു മന്ത്രിമാരും പങ്കുവെച്ചു. ഇരു കക്ഷികളുടെയും താൽപര്യങ്ങളും ആശങ്കകളും പരിഗണിച്ച് കരാറിലെത്തേണ്ട കാര്യങ്ങളെക്കുറിച്ചും വിശകലനം ചെയ്തു.അതേസമയം, അമേരിക്ക -ഇറാൻ ആണവ വിഷയവുമായി ബന്ധപ്പെട്ട നാലാംഘട്ട ചർച്ച കഴിഞ്ഞയാഴ്ച ഒമാന്റെ മധ്യസ്ഥതയിൽ മസ്കത്തിൽ നടന്നിരുന്നു.
ഇരുകക്ഷികളും കരാറിലേക്ക് എത്തുന്നതിനുള്ള നീക്കത്തിലാണെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും എന്നാൽ, ഊർജാവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരണം നടത്താമെന്നുമുള്ള രീതിയിലാണ് ചർച്ച മുന്നോട്ടുപോകുന്നത്. ഇറാനുമേലുള്ള യു.എസ് ഉപരോധങ്ങൾ ഒന്നൊന്നായി പിൻവലിക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്.
കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് യു.എ.ഇ സന്ദർശനത്തിനിടെ ഡോണൾഡ് ട്രംപും വ്യക്തമാക്കിയിരുന്നു. പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനുമായി നടന്ന കൂടിക്കാഴ്ചയിൽ ഗസ്സയിലെ പുതിയ സാഹചര്യങ്ങൾ ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.