ദോഹ: ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സരീഫ് ദോഹയിലെത്തി അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി ചർച്ച നടത്തി. ചെവ്വാഴ്ച രാവിലെതയാണ് ദിവാൻഒാഫിസിൽ കൂടിക്കാഴ്ച നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം ചർച്ചയായി. മേഖലയിലെ സമകാലീന സാഹചര്യവും വിഷയമായി. ഒമാനിൽ ഔദ്യോഗിക വക്താക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി ജവാദ് സരീഫ് ദോഹയിൽ എത്തിയത്. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനെതിരെ നിയമവിരുദ്ധമായ ഉപരോധമേർപ്പെടുത്തിയതിന് ശേഷം ഇതാദ്യമായാണ് ഇറാൻ വിദേശകാര്യമന്ത്രി ദോഹ സന്ദർശിക്കുന്നത്.
ഖത്തറുമായുള്ള വ്യാപാര, ഗതാഗത ബന്ധം സൗദി അടക്കമുള്ള രാജ്യങ്ങൾ നിർത്തലാക്കിയതോടെ ഇറാനുമായി കൂടുതൽ അടുക്കുന്നതിന് ഖത്തറിനെ നിർബന്ധിതരാക്കിയെന്ന് കഴിഞ്ഞ ആഴ്ച പാരിസിൽ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കിയിരുന്നു. ഇറാനുമായുള്ള ബന്ധം ആരോപിച്ചാണ് ഉപരോധരാജ്യങ്ങൾ മുന്നോട്ട് വന്നിരുന്നതെങ്കിലും അത് ഖത്തറിനെ ഇറാനുമായി കൂടുതൽ അടുക്കുന്നതിന് ഇടയാക്കിയെന്നും ഇറാനിന് ഖത്തറിനെ അവർ സമ്മാനമായി നൽകുകയായിരുന്നുവെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിൽ ഇറാനുമായുള്ള നയതന്ത്രബന്ധം പുനരാരംഭിക്കുമെന്നും ഇറാൻ എംബസി തുറക്കുമെന്നും ഖത്തർ സൂചിപ്പിച്ചിരുന്നു. 2016ലെ തെഹ്റാനില സൗദി എംബസി ആക്രമണത്തെത്തുടർന്നാണ് ഖത്തറടക്കമുള്ള രാജ്യങ്ങൾ ഇറാനുമായുള്ള ബന്ധം വിഛേദിച്ചത്. ഉപരോധത്തെ തുടർന്ന് ഖത്തറുമായുള്ള വ്യാപാര ബന്ധം ഒമാൻ ശക്തിപ്പെടുത്തിയിരുന്നു. ഇറാൻ മന്ത്രി ജവാദ് സരീഫ്, ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.