ദോഹ: യുദ്ധത്തിലെ നാശനഷ്ടങ്ങളിൽ ഇറാനിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖത്തർ. ഐക്യരാഷ്ട്രസഭയിലാണ് ഖത്തർ ആവശ്യം ഉന്നയിച്ചത്. ഇറാന്റേത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഖത്തർ കുറ്റപ്പെടുത്തി. ഇറാൻ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസിനും യു.എൻ രക്ഷാസമിതിക്കും നൽകിയ കത്തിലാണ് ഖത്തർ ആവശ്യമുന്നയിച്ചത്. ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനിയാണ് കത്തയച്ചത്. ഇറാന്റെ ആക്രമണത്തിൽ പത്താമത്തെ കത്താണ് ഖത്തർ യു.എന്നിന് കൈമാറിയത്.
ഇറാന്റെ ആക്രമണം രക്ഷാസമിതിയുടെ പ്രമേയങ്ങൾക്കും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കും എതിരാണ്. നാശനഷ്ടങ്ങൾ വിലയിരുത്താൻ അന്താരാഷ്ട്ര സമിതി രൂപവത്കരിക്കണം. നഷ്ടപരിഹാരം ഉറപ്പാക്കുകയും വേണം. സമാധാനം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഐക്യരാഷ്ട്രസഭ നിറവേറ്റണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
മാർച്ച് 28 മുതൽ തുടർച്ചയായ ദിവസങ്ങളിൽ ഇറാൻ ഖത്തറിനെ ആക്രമിച്ചു. ഡ്രോൺ, ക്രൂസ് മിസൈൽ ആക്രമണങ്ങളുണ്ടായി. എല്ലാ ആക്രമണങ്ങളെയും സായുധസേന പ്രതിരോധിച്ചെങ്കിലും ഒരു മിസൈൽ ഖത്തർ എനർജിയുടെ നിയന്ത്രണത്തിലുള്ള അക്വ വൺ എണ്ണ ടാങ്കറിൽ പതിച്ചു. അയൽ രാജ്യങ്ങളെ ആക്രമിക്കരുതെന്ന രക്ഷാസമിതിയുടെ പ്രമേയത്തിന് വില കൽപ്പിക്കാതെയാണ് ഇറാന്റെ കടന്നുകയറ്റമുണ്ടാകുന്നത്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങൾ ജനീവ കൺവൻഷൻ അംഗീകരിച്ച നിയമങ്ങൾക്ക് എതിരാണെന്നും ഖത്തർ ചൂണ്ടിക്കാട്ടി. യു.എൻ ചാർട്ടറിലെ ആർട്ടിക്കിൽ 51 പ്രകാരം രാജ്യത്തിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. പരമാധികാരവും സുരക്ഷയും ഉറപ്പാക്കാൻ ഏതു നടപടിയും കൈക്കൊള്ളുമെന്നും ഖത്തർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.