ഐക്യരാഷ്ട്രസഭയുടെ 81ാമത് ജനറൽ അസംബ്ലിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സംസാരിക്കുന്നു
ഗൾഫ് മേഖല ഗുരുതര പ്രതിസന്ധിയിൽ; കൂട്ടായ സുരക്ഷാ സംവിധാനം വേണം -യു.എൻ ജനറൽ അസംബ്ലിയിൽ ഖത്തർ അമീർ
ദോഹ: ഗൾഫ് മേഖല കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നിലൂടെയാണെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മേഖലയിലെ നിലവിലെ സംഘർഷങ്ങളിൽ ഖത്തർ അമീർ കടുത്ത ആശങ്ക രേഖപ്പെടുത്തിയത്. രാജ്യങ്ങളുടെ പരമാധികാരത്തെയും സുരക്ഷയെയും മാനിക്കുന്ന ഒരു കൂട്ടായ സുരക്ഷാ സംവിധാനത്തിന്റെ അഭാവമാണ് മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപകാല സംഭവങ്ങൾ അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
ഇത്തരമൊരു സുരക്ഷാ ചട്ടക്കൂടിന്റെ അഭാവം കാരണം, മേഖലയിലെ രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യമുണ്ട്. സംഘർഷങ്ങൾ ഒഴിവാക്കാൻ നയതന്ത്ര ശ്രമങ്ങൾ നടക്കുമ്പോഴും, ഏതെങ്കിലും ഒരു കക്ഷിക്ക് തങ്ങളുടേതല്ലാത്ത യുദ്ധത്തിലേക്ക് അയൽരാജ്യങ്ങളെ വലിച്ചിഴയ്ക്കാനും നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെയും ആസ്തികളെയും ലക്ഷ്യമിടാനും ഇത് വഴിയൊരുക്കുന്നുവെന്നും ഖത്തർ അമീർ മുന്നറിയിപ്പ് നൽകി.
ഹുർമുസ് പ്രതിസന്ധി ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു
ഹുർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ആഗോള സാമ്പത്തിക വ്യവസ്ഥയെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കളുടെയും മരുന്നുകളുടയെയും വിലവർധനവിന് ഇത് കാരണമായി. സംഘർഷവുമായി ഒരു ബന്ധമില്ലാത്ത സാധാരണ ജനങ്ങളാണ് ഇതിന്റെ ദുരിതമനുഭവിക്കുന്നത്. എന്നാൽ, ഈ പ്രതിസന്ധി നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാനും കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനും ചർച്ചകളിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ഇടപെടലുകൾ തുടരുമ്പോഴും, സ്വന്തം മണ്ണും പരമാധികാരവും സംരക്ഷിക്കുന്നതിൽ ഖത്തർ ഉറച്ചുനിൽക്കും. ഏതൊരു പ്രതിസന്ധിയിലും ജനങ്ങളുടെയും രാജ്യത്തിന്റെയും താൽപര്യങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്.
ഫലസ്തീൻ വിഷയം പരിഹരിക്കപ്പെടാതെ നീതിപൂർവ്വമായ അന്താരാഷ്ട്ര ക്രമം സാധ്യമല്ല
ഗസ്സ, സിറിയ അടക്കം വിവിധ രാജ്യങ്ങളിൽ ഇസ്രായേൽ തുടരുന്ന അധിനിവേശങ്ങളെ കുറിച്ചും ഖത്തർ അമീർ യു.എന്നിൽ നിശിതമായി വിമർശിച്ചു. ഗസ്സയിൽ നടക്കുന്നത് പൂർണ്ണ അർത്ഥത്തിലുള്ള വംശഹത്യയാണെന്നും അത് മാനവികതയുടെ മനസ്സാക്ഷിക്കേറ്റ കളങ്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീൻ വിഷയം പരിഹരിക്കപ്പെടാതെ നീതിപൂർവ്വമായ ഒരു അന്താരാഷ്ട്ര ക്രമം സാധ്യമല്ല. ഗസ്സയിലെ ദുരന്തത്തിന്റെ വ്യാപ്തിയും അത് തടയുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയവും കണ്ട് ഭാവി തലമുറകൾ അമ്പരക്കുമെന്നും ഖത്തർ അമീർ വിശമാക്കി. ഗസ്സയിൽ വെടിനിർത്തൽ കരാർ പൂർണ്ണമായി നടപ്പിലാക്കാനും, ഉപരോധം നീക്കി തടസ്സങ്ങളില്ലാതെ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനും ഇസ്രായേൽ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രായേൽ ആക്രമണം അയൽരാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നും, ഇത് മേഖലയുടെ സുരക്ഷയെ ബാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലെബനൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. സിറിയൻ ഭൂഭാഗങ്ങൾ കൈയേറുന്ന ഇസ്രായേലിന്റെ നിലപാടിനെ ശക്തമായി എതിർത്തു. യു.എൻ പ്രമേയം 1701 പാലിച്ച് ലെബനന്റെ പരമാധികാരം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. എത്രതന്നെ പ്രതിസന്ധി നിറഞ്ഞ തർക്കങ്ങളാണെങ്കിലും യുദ്ധത്തിന് പകരം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി ചർച്ചകളിലൂടെ പരിഹാരം കാണുക എന്നതാണ് ഖത്തറിന്റെ നിലപാടെന്ന് വ്യക്തമാക്കിയാണ് അമീർ പ്രസംഗം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.