വിദ്യാഭ്യാസ ബോധവത്കരണ സെഷൻ നയിച്ച ഫായിസ് ഹുസൈന് ഐ.സി.ബി.എഫ്
ഭാരവാഹികൾ മെമന്റോ സമ്മാനിക്കുന്നു
ദൈനംദിന ജീവിതത്തിൽ എ.ഐ സ്വാധീനം; ഐ.സി.ബി.എഫ് വിദ്യാഭ്യാസ ബോധവത്കരണ സെഷൻ
ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്.) ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി 'എ.ഐ ഫോർ എവരിവൺ - മാസ്റ്റർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വർക്ക് സ്മാർട്ടർ' എന്ന വിഷയത്തിൽ പ്രത്യേക വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് കാഞ്ഞാണി ഹാളിൽ നടന്ന പരിപാടിയിൽ സാങ്കേതികവിദ്യാ വിദഗ്ധർ, പഠിതാക്കൾ, സമൂഹ നേതാക്കൾ, വിവിധ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. എ.ഐ നെറ്റ് കാമ്പസിന്റെയും ന്യൂറോസ്റ്റ എ.ഐ സൊല്യൂഷൻസിന്റെയും സ്ഥാപകനായ ഫായിസ് ഹുസൈൻ സെഷൻ നയിച്ചു.
ദൈനംദിന ജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെയെല്ലാം സ്വാധീനം ചെലുത്തുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. പുതിയ സാങ്കേതികവിദ്യകൾ അവസരങ്ങൾക്കൊപ്പം വെല്ലുവിളികളും ഉയർത്തുന്നുണ്ടെങ്കിലും, ദിനംപ്രതിയുള്ള ജോലികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ എ.ഐ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചാറ്റ്ജിപിടി, മൈക്രോസോഫ്റ്റ് കോപൈലറ്റ്, ജെമിനി തുടങ്ങിയ ജനപ്രിയ എ.ഐ അധിഷ്ഠിത ആപ്ലിക്കേഷനുകളുടെ അവലോകനം അദ്ദേഹം നൽകി. അവയുടെ അടിസ്ഥാന പ്രവർത്തനവും ദൈനംദിന ജീവിതത്തിൽ അവ ഫലപ്രദമായും ഉത്തരവാദിത്തത്തോടെയും എങ്ങനെ ഉപയോഗിക്കാമെന്നും വിശദീകരിച്ചു.
ചോദ്യോത്തര സെഷനിൽ, പങ്കെടുത്തവരുടെ സംശയങ്ങൾ ദൂരീകരിക്കാനും എ.ഐയുടെ ഉപയോഗത്തെക്കുറിച്ച് പ്രായോഗിക ഉൾക്കാഴ്ചകൾ തേടാനും അവസരം ലഭിച്ചു. പരിപാടിയിൽ ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് റിസോർസ് പേഴ്സനെ പരിചയപ്പെടുത്തി. ഐ.സി.ബിഎഫ് പ്രസിഡന്റും മാനേജിങ് കമ്മിറ്റി അംഗങ്ങളും ഫായിസ് ഹുസൈന് മെമന്റോ സമ്മാനിച്ചു. പരിപാടിയിൽ ഐ.സി.ബി.എഫ് മുൻ പ്രസിഡന്റ് എൻ.വി. ഖാദർ, ഐ.സി.ബി.എഫ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ, വിവിധ അസോസിയേഷൻ ഭാരവാഹികൾ, ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ മിനി സിബി, ഇർഫാൻ അൻസാരി, അമർ വീർ സിങ്, ശങ്കർ ഗൗഡ്, ഖാജ നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.