സി.ബി.എസ്.ഇ ക്ലസ്റ്റർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ
സി.ബി.എസ്.ഇ ക്ലസ്റ്റർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്: എം.ഇ.എസ് സ്കൂളിന് കിരീടം
ദോഹ: സി.ബി.എസ്.ഇ ക്ലസ്റ്റർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മിന്നുന്ന പ്രകടനവുമായി അബു ഹമൂർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ. വിവിധ വിഭാഗങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ സ്കൂൾ, ആൺകുട്ടികളുടെ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫിയും സ്വന്തമാക്കി. അണ്ടർ -17, അണ്ടർ -19 ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് എം.ഇ.എസ് സ്കൂൾ കിരീടം നേടിയത്.
അണ്ടർ-17 വിഭാഗത്തിൽ നുമാൻ സയീദ്, മിത്രൻ, എൽവിൻ, എഡ്വിൻ എന്നിവരടങ്ങിയ ടീം സ്വർണ മെഡൽ സ്വന്തമാക്കി. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളായ പ്രിധവ് ശ്യാം ഗോപൻ, മുഹമ്മദ് അമൻ സയീദ്, മോനിഷ് രാജ് ശേഖർ, പ്രണവ് രാജീവ് എന്നിവരടങ്ങിയ സംഘം അണ്ടർ-19 ആൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യന്മാരായി. ഇരുവിഭാഗങ്ങളിലെയും മികച്ച പ്രകടനമാണ് സ്കൂളിന് ആൺകുട്ടികളുടെ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി സമ്മാനിച്ചത്.
പെൺകുട്ടികളുടെ വിഭാഗത്തിലും സ്കൂൾ മികച്ച നേട്ടങ്ങൾ കൈവരിച്ചു. അണ്ടർ-14 പെൺകുട്ടികളുടെ വിഭാഗത്തിൽ നിവേദ്യ അജി, അവന്തിക, ഹനാൻ സനീർ എന്നിവരടങ്ങിയ ടീം സിൽവർ മെഡൽ നേടി. അണ്ടർ-19 പെൺകുട്ടികളുടെ വിഭാഗത്തിൽ ജൈഷ്ണ ഓർച്ചു, അങ്കിത എന്നിവർ വെങ്കലവും കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച കായികതാരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും രക്ഷിതാക്കൾക്കും എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പലും ഗവേണിങ് ബോർഡും ആശംസകൾ അറിയിച്ചു.
വിദ്യാർഥികളുടെ അക്ഷീണമായ അച്ചടക്കത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും തെളിവാണ് ഈ വിജയമെന്ന് പ്രിൻസിപ്പൽ പറഞ്ഞു. രണ്ട് വിഭാഗങ്ങളിലെ കിരീടങ്ങൾക്കൊപ്പം ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫിയും സ്വന്തമാക്കിയത് വിദ്യാർഥികളുടെ കായിക മികവിനെയും കഠിനാധ്വാനത്തെയുമാണ് കാണിക്കുന്നതെന്നും സ്കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.