ബീക്കൻ ഓഫ് നോളജ്' പദ്ധതിയെ കുറിച്ച് അധികൃതർ സംസാരിക്കുന്നു
വിദ്യാർഥികൾക്ക് സാമ്പത്തിക പിന്തുണ: പദ്ധതിയുമായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം
ദോഹ: പ്രൈവറ്റ് സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും പഠിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 'ബീക്കൻ ഓഫ് നോളജ്' പദ്ധതിക്ക് തുടക്കം കുറിച്ചു. ശൈഖ് ഥാനി ബിൻ അബ്ദുല്ല ഹ്യുമാനിറ്റേറിയൻ സർവിസസ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് സംരംഭം നടപ്പാക്കുന്നത്. വിദ്യാർഥികളുടെ ട്യൂഷൻ ഫീസ്, പാഠപുസ്തകങ്ങൾ, യൂണിഫോം, യാത്രാ സൗകര്യം, സ്കൂൾ ബാഗുകൾ, പഠനോപകരണങ്ങൾ എന്നിവയെല്ലാം ഈ പദ്ധതിയിൽ ലഭ്യമാക്കും. കൂടാതെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും പദ്ധതിയുടെ സഹായം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അർഹരായ ബിരുദധാരികൾക്ക് ലുസൈൽ യൂനിവേഴ്സിറ്റിയിൽ 30 ശതമാനം ട്യൂഷൻ ഫീസ് ഇളവ് ലഭിക്കും.
സമൂഹത്തിലെ ജീവകാരുണ്യ പ്രവർത്തകരുടെയും കൂട്ടായ്മകളുടെയും പിന്തുണയോടെയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് പ്രൈവറ്റ് എജുക്കേഷൻ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഉമർ അബ്ദുൽ അസിസ് അൽ നാമ പറഞ്ഞു. ഈ വർഷം പദ്ധതി കൂടുതൽ വിപുലമായാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി ഇതുവരെ 18,124 സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ടെന്ന് പ്രൈവറ്റ് സ്കൂൾസ് ആൻഡ് കിന്റർഗാർട്ടൻസ് അഫയേഴ്സ് ഡയറക്ടർ ഡോ. റാനിയ മുഹമ്മദ് വെളിപ്പെടുത്തി. അപേക്ഷാ സമയപരിധിയും സ്കൂൾ രജിസ്ട്രേഷൻ നടപടികളും വ്യവസ്ഥാപിതമാക്കി വരികയാണെന്നും അവർ കൂട്ടിച്ചേർത്തു. പദ്ധതിയിൽ പങ്കെടുക്കുന്ന സ്കൂളുകളുടെ വിവരങ്ങൾ ഫൗണ്ടേഷന്റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഫൗണ്ടേഷൻ പ്രതിനിധി ഡോ. ആയദ് അൽ ഖഹ്താനി വ്യക്തമാക്കി. വിദ്യാർഥികളുടെ സ്വകാര്യത പൂർണ്ണമായി സംരക്ഷിക്കുന്നതിനായി കോഡ് നമ്പറുകൾ ഉപയോഗിച്ചാണ് അപേക്ഷകൾ കർശന പരിശോധനക്ക് വിധേയമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.