ദോഹ: നിരവധി വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെങ്കിലും, പ്രതിസന്ധികളെ മറികടക്കാൻ ഇറാന് കഴിയുമെന്ന് ഇറാൻ മുൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ്. ദോഹ ഫോറം 2025ന്റെ ഭാഗമായി ‘ഇറാനും പ്രാദേശിക സുരക്ഷ അന്തരീക്ഷവും’ എന്ന വിഷയത്തിൽ നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ നയം, സുരക്ഷ, സംഘർഷ മേഖലകളിലെ മധ്യസ്ഥത, സമാധാന ശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ സെഷനിൽ ചർച്ചചെയ്തു. സംഭാഷണങ്ങളിലും ചർച്ചകളിലും ഏർപ്പെടാൻ ഇറാൻ എപ്പോഴും സന്നദ്ധമായിരുന്നു.
യു.എൻ. ചാർട്ടർ, തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കൽ എന്നിവയെ അടിസ്ഥാനമാക്കി 2017ൽ മുന്നോട്ടുവെച്ച റീജനൽ ഡയലോഗ് ഫോറം നിർദേശത്തെയും അദ്ദേഹം പരാമർശിച്ചു. ഇറാനും ജി.സി.സി രാജ്യങ്ങളും തമ്മിൽ നിലവിലുള്ള ചർച്ചകൾക്ക് പൊതുവായ ചട്ടക്കൂട് രൂപപ്പെടുത്തുകയും ഭാവിയിലേക്കുള്ള പൊതുവായ കാഴ്ചപ്പാട് കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സെഷനിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി, ഇറാൻ മുൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ്, ഇറ്റലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ അഫയേഴ്സ് ഡയറക്ടർ നതാലി ടോച്ചി എന്നിവർ സംസാരിച്ചു.
ഇറാന്റെ സ്ഥിരതയിലും ഉന്നമനത്തിലും ജി.സി.സിയുടെ താൽപര്യം സെക്രട്ടറി ജനറൽ അൽബുദൈവി വിശദീകരിച്ചു. ഗൾഫ് രാജ്യങ്ങൾ ലോകത്തിലെ ഒമ്പതാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ശക്തിപ്പെട്ടെന്ന് ആദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.