ദോഹ: ഖത്തറിന്റെ വ്യാപാര, നിക്ഷേപ മേഖലക്ക് ഊർജമാകാൻ 100 കോടി ഡോളറിന്റെ പ്രോത്സാഹന പദ്ധതികളുമായി ഇൻവെസ്റ്റ് ഖത്തർ. മൂന്നു ദിവസങ്ങളിലായി നടന്ന ഖത്തർ സാമ്പത്തിക ഫോറത്തിലായിരുന്നു ഇൻവെസ്റ്റ് ഖത്തറിന്റെ പുതിയ പ്രഖ്യാപനം. ഖത്തറിനെ ആഗോള ബിസിനസ് കേന്ദ്രമായി ശക്തിപ്പെടുത്താനും കൂടുതൽ നിക്ഷേപ പദ്ധതികൾ ആകർഷിക്കുകയുമാണ് ഈ ചുവടുവെപ്പിലൂടെ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര തലത്തിലെയും പ്രാദേശികവുമായ നിക്ഷേപകർക്ക് അനുയോജ്യമായ നിരവധി പ്രോത്സാഹന പാക്കേജുകളാണ് ഇതുവഴി അവതരിപ്പിക്കുന്നത്.
നിക്ഷേപകർക്ക് പ്രാദേശികമായ ചെലവുകളുടെ 40 ശതമാനം വരെ ഇതുവഴി സഹായം നൽകും. ബിസിനസ് സജ്ജീകരണ ചെലവുകൾ, നിർമാണം, ഓഫിസ് പാട്ടക്കരാർ, ഉപകരണങ്ങൾ, തൊഴിലുകളുമായി ബന്ധപ്പെട്ട ചെലവുകൾ എന്നിവക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങളാണ് അഞ്ചുവർഷത്തേക്ക് ഉറപ്പു നൽകുന്നത്. ഇതുവഴി രാജ്യത്ത് ലോകോത്തര നിലവാരത്തിലെ നിക്ഷേപ സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ഫൈസൽ ആൽ ഥാനി പറഞ്ഞു.
ദേശീയ വികസന പദ്ധതിയുടെ ഭാഗമായി കണക്കാക്കിയ അത്യാധുനിക വ്യവസായങ്ങൾ, ലോജിസ്റ്റിക്സ്, ഐ.ടി, ഡിജിറ്റൽ സേവനം, ധനകാര്യം എന്നീ മേഖലകളെയാണ് പ്രോത്സാഹന പദ്ധതിയുടെ ഘട്ടങ്ങളിൽ ഉൾക്കൊള്ളുന്നത്. ആദ്യഘട്ടത്തിൽ നാല് പ്രധാനമായ പ്രോത്സാഹന പാക്കേജുകളാണ് അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.