ഖത്തർ അന്താരാഷ്ട്ര കാർഷിക മേളയുടെ വിശദാംശങ്ങൾ
വാർത്തസമ്മേളനത്തിൽ അറിയിക്കുന്നു
ദോഹ: 12ാമത് ഖത്തർ അന്താരാഷ്ട്ര കാർഷിക പ്രദർശനത്തിന് ഫെബ്രുവരിയിൽ തുടക്കമാകും. അടുത്തമാസം നാല് മുതൽ എട്ടുവരെയാണ് കതാറ കൾച്ചറൽ വില്ലേജിൽ മുനിസിപ്പാലിറ്റി മന്ത്രാലയം നേതൃത്വത്തിൽ രാജ്യത്തെ ഏറ്റവും വലിയ കാർഷിക പ്രദർശനം നടത്തുന്നത്. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
29 രാജ്യങ്ങളിൽനിന്നുള്ള പങ്കാളികൾ പ്രദർശനത്തിൽ ഭാഗമാവുമെന്ന് മന്ത്രാലയം പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനങ്ങൾ, സെമിനാർ, പാനൽ ചർച്ചകൾ എന്നിവയും നടക്കും. യു.എ.ഇ കാലാവസ്ഥ, പരിസ്ഥിതി മന്ത്രാലയം അതിഥി രാജ്യമായെത്തും. ഈത്തപ്പഴം, തേൻ ഉൾപ്പെടെ 114 തദ്ദേശീയ ഫാമുകളും ഭാഗമാകുന്നുണ്ട്.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ നയത്തിന്റെ അനുബന്ധമായാണ് മേള ഒരുക്കുന്നതെന്ന് സംഘാടക സമിതി ചെയർമാൻ യൂസുഫ് ഖാലിദ് അൽ ഖുലൈഫി അറിയിച്ചു. കാർഷിക മേഖലയിലെ പുതിയ സുസ്ഥിര സാങ്കേതിക വിദ്യകൾ, സ്മാർട്ട് ജലസേചന പദ്ധതികൾ, ജൈവ-സൗന്ദര്യവർധക കൃഷികൾ, ഭക്ഷ്യസുരക്ഷ തുടങ്ങി വിവിധ വിഷയങ്ങളിൽ ഊന്നിയാണ് അന്താരാഷ്ട്ര പ്രദർശനമൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.