ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ദോഹ വിമാനത്താവളത്തിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സാദ്​ അൽ മുറൈഖിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

ഉപരാഷ്ട്രപതി ഖത്തറിൽ

ദോഹ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും സംഘവും ശനിയാഴ്ച രാത്രി ഖത്തറിലെത്തി. ഉപരാഷ്ട്രപതിയെയും സംഘത്തെയും വിമാനത്താവളത്തിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സാദ്​ അൽ മുറൈഖിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം വരവേറ്റു.

സെനാഗാളിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഖത്തറിലെത്തിയ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക പരിപാടികൾ ഞായറാഴ്ച നടക്കും. ഡെപ്യൂട്ടി അമീർ ശൈഖ്​ അബ്​ദുല്ല ബിൻ ഹമദ്​ ആൽഥാനിയുമായി അമിരി ദീവാനിൽ ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. ഇന്ത്യയുമായുള്ള ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുന്നതിനൊപ്പം ഉന്നത തല പ്രതിനിധി ചര്‍ച്ചകളും സന്ദർശനത്തിന്‍റെ ഭാഗമായി നടത്തുമെന്ന് ഇന്ത്യന്‍ അംബാസഡർ ഡോ. ദീപക് മിത്തല്‍ വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിച്ചു.

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍, രാജ്യസഭാംഗങ്ങളായ സുശീല്‍ കുമാര്‍ മോദി, വിജയ് പാല്‍ സിങ് തമര്‍, ലോകസഭാംഗം പി. രവീന്ദ്രനാഥ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉന്നത പ്രതിനിധി സംഘവും , വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥരും, വ്യാപാര പ്രമുഖരും ഉപരാഷ്ട്രപതിയെ അനുഗമിക്കുന്നതായി അംബാസഡർ അറിയിച്ചു.

തിങ്കളാഴ്ച ശൂറാകൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്​ദുല്ല അൽ ഗാനിമുമായും ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. രാജ്യസഭ അധ്യക്ഷൻ എന്ന നിലയിൽ ചർച്ചയിൽ ഇന്ത്യയും ഖത്തറും തമ്മിലെ പർലമെന്‍ററി സംവിധാനങ്ങളുടെയും പ്രവർത്തനങ്ങളുടെ ആശയ വിനിമയം നടത്തും. ഖത്തര്‍ നാഷനല്‍ മ്യൂസിയം, ഖത്തര്‍ ഫൗണ്ടേഷന്‍ എന്നിവയും ഉപരാഷ്ട്രപതി സന്ദര്‍ശിക്കും.

ഖത്തറും ഇന്ത്യയും തമ്മിലെ നയതന്ത്ര ബന്ധത്തിന്‍റെ 50 വർഷം അടുത്ത വർഷം ആഘോഷിക്കാനിരിക്കെ ഇരുരാജ്യങ്ങളും തമ്മിലെ ചരിത്രപരമായ സൗഹൃദം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ്​ ഉപരാഷ്ട്രപതിയുടെ നേതൃത്വത്തിലുള്ള സന്ദർശന​മെന്ന്​ അംബാസഡർ പറഞ്ഞു. വിവിധ മേഖലകളിലുള്ള ഉഭയകക്ഷി സഹകരണത്തിന് ആക്കം കൂട്ടാനുള്ള പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും ലക്ഷ്യമാണ്​.

2016ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു ശേഷം ഖത്തറിലേക്കുള്ള ഉന്നത സന്ദർശനമാണ്​ ഉപരാഷ്ട്രപതിയുടേത്​. ആറു വർഷത്തിനു ശേഷമുള്ള ഉന്നത സന്ദർശനം എന്ന പ്രത്യേകത കൂടിയുണ്ട്​. തിങ്കളാഴ്ച വൈകീട്ട് ദോഹ ഷെറാട്ടണിൽ നടക്കുന്ന കമ്യൂണിറ്റി സ്വീകരണ ചടങ്ങില്‍ ദോഹയിലെ ഇന്ത്യന്‍ പ്രവാസ ലോകത്തെ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികളെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്യും. വിവിധ കമ്യൂണിറ്റി കൂട്ടായ്മ പ്രതിനിധികൾ, മത്സ്യതൊഴിലാളി അസോസിയേഷന്റെയും പ്രതിനിധികള്‍, ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുക്കുമെന്നും ഇന്ത്യന്‍ സ്ഥാനപതി വിശദീകരിച്ചു. ഉപരാഷ്ട്രപതിയുടെ ഖത്തറിലെ ഔദ്യോഗിക പരിപാടികളെക്കുറിച്ച് വിശദീകരിച്ച വാര്‍ത്തസമ്മേളനത്തില്‍ പൊളിറ്റിക്കല്‍-കോമേഴ്‌സ് കൗണ്‍സിലര്‍ ടി. ആന്‍ജലീന പ്രേമലത, പൊളിറ്റിക്കല്‍-ഇന്‍ഫര്‍മേഷന്‍ ഫസ്റ്റ് സെക്രട്ടറി പത്മ കറി എന്നിവരും പങ്കെടുത്തു.

Tags:    
News Summary - indian vice presidnet in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.