അമൽ ഷിബു, ഹാസിം അഹമ്മദ്, അശ്വന്ത് കുമാർ, ശിവാൻഷ് ശർമ
ദോഹ: മംഗൾയാൻ ഉൾപ്പെടെ ബഹിരാകാശ ദൗത്യങ്ങളിലൂടെ ചൊവ്വാ രഹസ്യങ്ങളുടെ ചുരുളഴിച്ച് മനുഷ്യന്റെ അന്യഗ്രഹ വാസത്തെ കുറിച്ചുള്ള തിരക്കിട്ട ആലോചനയിലാണ് ശാസ്ത്രലോകം. അതിവിദൂരമല്ലാത്ത ഭാവിയിൽ സംഭവിക്കാൻ പോകുന്ന ചൊവ്വ വാസത്തിൽ മനുഷ്യൻ നേരിടുന്ന വെല്ലുവിളികളെന്തായിരിക്കും...? 2040ൽ ചൊവ്വയിലെത്താൻ ഒരുങ്ങുന്ന മനുഷ്യൻ വെല്ലുവിളികളെ എങ്ങനെ അതിജീവിക്കും എന്ന ചോദ്യവുമായി ലണ്ടൻ ആസ്ഥാനമായ ആർട്സ് ആൻഡ് ബിസിനസ് കോളജും (എ.ബി.സി ലണ്ടൻ) സ്പേസ് സ്റ്റോറും സംഘടിപ്പിച്ച അന്താരാഷ്ട്ര മത്സരത്തിൽ കപ്പടിച്ചിരിക്കുകയാണ് ഖത്തറിൽനിന്നുള്ള ഒരു കൂട്ടം മിടുക്കർ.
‘മാർസ് 2040’ എന്ന ആശയത്തിൽ നടന്ന മത്സരത്തിൽ ഖത്തറിലെ നോബിൾ ഇന്റർനാഷനൽ സ്കൂളിലെ നാൽവർ സംഘമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി മത്സരിച്ച് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. മലയാളികളായ അമൽ ഷിബു, ഹാസിം അഹമ്മദ്, പഞ്ചാബുകാരനായ ശിവാൻഷ് ശർമ, തമിഴ്നാട്ടുകാരനായ അശ്വന്ത് കുമാർ എന്നിവർ സമർപ്പിച്ച സുസ്ഥിര ഭാവിയിലേക്ക് വിരൾചൂണ്ടുന്ന പ്രോജക്ടാണ് അന്താരാഷ്ട്ര തലത്തിൽ വിജയം നേടിയത്. നാലുപേരും നോബിൾ സ്കൂളിലെ 12ാം തരം വിദ്യാർഥികളാണ്. അമേരിക്കയിൽനിന്നുള്ള ടീമിനാണ് ഒന്നാം സ്ഥാനം. ന്യൂസിലൻഡിൽനിന്നുള്ള ടീം മൂന്നും, ബ്രിട്ടനിൽനിന്നുള്ള ടീം നാലും സ്ഥാനത്തിന് അർഹരായി.
ചൊവ്വ ഗ്രഹത്തിൽ ഭാവിയിലെ ശാശ്വതവും സുസ്ഥിരവുമായ താമസ സൗകര്യം രൂപകൽപന ചെയ്യാനായിരുന്നു വിദ്യാർഥികൾക്ക് അവസരമൊരുക്കിയത്. 12 മുതൽ 19 വയസ്സുവരെയുള്ളവർക്ക് തങ്ങളുടെ ആശയങ്ങൾ ത്രീഡി സഹായത്തോടെ സമർപ്പിക്കാൻ നിർദേശിച്ചു. വിവിധ ലോകരാജ്യങ്ങളിൽ നിന്നും 170 ടീമുകൾ മത്സരിച്ച പ്രാഥമിക റൗണ്ടിൽനിന്ന് 10 ടീമുകളാണ് ഫൈനൽ റൗണ്ടിലേക്ക് മത്സരിച്ചത്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ, ജപ്പാനീസ് സ്പേസ് സ്റ്റാർട്ടപ് കമ്പനിയുടെ സ്ഥാപകൻ നറുവോ കാനെമോടോ, ഇന്ത്യൻ സ്പേസ് കമീഷൻ അംഗം എ.എസ്. കിരൺ കുമാർ ഉൾപ്പെടെ പ്രമുഖരുടെ ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.
ചൊവ്വയിൽ തുടർമനുഷ്യവാസത്തിനായി പുനരുപയോഗിക്കാവുന്ന വിഭവങ്ങൾ സാധ്യമാക്കുന്ന ആശയത്തിലൂന്നിയായിരുന്നു തങ്ങളുടെ പ്രോജക്ട് അവതരിപ്പിച്ചതെന്ന് സംഘാംഗമായ അമൽ ഷിബു ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ചൊവ്വയിൽ ധാരാളമായി കാണപ്പെടുന്ന ലിമനൈറ്റ് പദാർത്ഥങ്ങൾ ഉപയോഗിച്ച് പുനരുപയോഗിക്കാവുന്ന ഊർജോൽപാദനം സാധ്യമാകും എന്നതായിരുന്നു ഇവർ അവതരിപ്പിച്ച ആശയം. ഖത്തർ ദേശീയ ലൈബ്രറി ഉൾപ്പെടെ കേന്ദ്രങ്ങളിൽനിന്ന് വിവര ശേഖരണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്തു.
പുതുമയും സുസ്ഥിര ആശയവും മികവാർന്ന അവതരണവുംകൊണ്ട് നോബിൾ സ്കൂൾ വിദ്യാർഥികളുടെ പ്രോജക്ട് വിധികർത്താക്കളുടെ കൈയടി നേടി. വിദ്യാർഥികളുടെ അന്താരാഷ്ട്ര വിജയം നോബിൾ സ്കൂളിനും ഖത്തറിലെ വിദ്യാഭ്യാസ സമൂഹത്തിനും അഭിമാനം നൽകുന്നെന്ന് സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളും പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദും അറിയിച്ചു. വൈസ് പ്രിൻസിപ്പൽസ്, ഹെഡ് ഓഫ് സെക്ഷൻസ്, അധ്യാപകർ തുടങ്ങിയവർ വിദ്യാർഥികളെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.