ദോഹയിലെത്തിയ സി.ഐ.ഐ സംഘം അംബാസർ വിപുലിനും ഖത്തരി വ്യവാസായ-വാണിജ്യ മേധാവികൾക്കുമൊപ്പം
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലെ വാണിജ്യ, നിക്ഷേപ സാധ്യതകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വ്യാപാര-വ്യവസായ മേഖലകളിൽ നിന്നുള്ള ഉന്നതതലസംഘം ദോഹയിലെത്തി കൂടിക്കാഴ്ചകൾ നടത്തി. ഇന്ത്യൻ എംബസിയുടെയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ)യുടെയും നേതൃത്വത്തിൽ ജൂൺ രണ്ട്, മൂന്ന് തീയതികളിൽ ഖത്തറിലെ മന്ത്രി-ഉദ്യോഗസ്ഥ, വ്യവസായ മേഖലകളിൽനിന്നുള്ള പ്രമുഖരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
സി.ഇ.ഒ തല സംഘത്തെ സി.ഐ.ഐ ട്രേഡ് പോളിസി കൗൺസിൽ ചെയർമാനും ബ്ലൂസ്റ്റാർ ലിമിറ്റഡ് മാനേജിങ് ഡയറക്ടറുമായ വിർ എസ്. അദ്വാനി നയിച്ചു. ഖത്തറിലെ വ്യാപാര, വ്യവസായ സ്ഥാപനങ്ങളുമായി സഹകരണ സാധ്യതകൾ തിരിച്ചറിയുകയും ഉപയോഗപ്പെടുത്തുകയുമായിരുന്നു സന്ദർശനത്തിന്റെ പ്രഥമ ലക്ഷ്യം.
ഖത്തർ വാണിജ്യ മന്ത്രാലയം വ്യവസായകാര്യ, ബിസിനസ് വികസന വിഭാഗം അസി. അണ്ടർ സെക്രട്ടറി സാലിഹ് ബിൻ മാജിദ് അൽ ഖുലൈഫി, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി പ്രസിഡന്റ് എൻജി. ഖാലിദ് അഹ്മദ് അൽ ഉബൈദലി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയവർ, ഖത്തർ ഫിനാൻഷ്യൽ സെന്റർ, ഖത്തർ ഫ്രീസോൺ അതോറിറ്റി, ഇൻവെസ്റ്റ് ഖത്തർ എന്നിവിടങ്ങൾ സന്ദർശിക്കുകയും ചെയ്തു.
എം.ഇ.പി സാങ്കേതിക വിദ്യ, നിർമിതബുദ്ധി, പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷ, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിലെ സാധ്യതകളിൽ ഊന്നിയായിരുന്നു കൂടിക്കാഴ്ചകൾ.
വിവിധ മേഖലകളിൽ ഇരു വിഭാഗത്തിനും ഗുണകരമാവുന്ന നിരവധി സാധ്യതകൾ ചൂണ്ടിക്കാണിച്ചു. സന്ദർശനത്തിന്റ ഭാഗമായി ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഐ.ബി.പി.സി നേതൃത്വത്തിൽ സംഘടിപ്പിച്ച ഖത്തരി-ഇന്ത്യൻ ബിസിനസ്, നിക്ഷേപക സംഗമത്തിലും പങ്കെടുത്തു.
ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി. ഇന്ത്യയും ഖത്തറും തമ്മിലെ ശക്തമായ ഉഭയകക്ഷി സൗഹൃദത്തിൽ രാജ്യത്തെ പ്രവാസി സമൂഹത്തിന്റെ പങ്കിനെ അംബാസഡർ പ്രത്യേകം പരാമർശിച്ചു. എയർ കണ്ടീഷൻ, റഫ്രിജറേഷൻ, സോളാർ എനർജി സൊല്യൂഷൻ, വാട്ടർ മാനേജ്മെന്റ് ആൻഡ് സൊല്യൂഷൻ, പവർ ആൻഡ് എനർജി, ഭക്ഷ്യ സംസ്കരണം, എ.ഐ, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ളവരായിരുന്നു സംഘത്തിന്റെ ഭാഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.