ദോഹ: ഡിസംബറിൽ കാലാവധി അവസാനിക്കുന്ന ഇന്ത്യൻ എംബസി അപെക്സ് സംഘടനകളുടെ തെരഞ്ഞെടുപ്പിൽ ഇത്തവണ കൂടുതൽ വീറും വാശിയും. ഇന്ത്യൻ കൾചറൽ സെൻറർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെൻറർ (ഐ.എസ്.സി) എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ്.
ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) തെരഞ്ഞെടുപ്പ് തൽക്കാലം നടത്തില്ലെന്ന് ഇന്ത്യൻ എംബസി ഇതിനകം അറിയിച്ചിട്ടുണ്ട്. ഇത്തവണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അണിയറ നീക്കങ്ങൾ നേരത്തേ തന്നെ സജീവമായിരുന്നു. മുൻകാലങ്ങളിലില്ലാത്തവിധം ഇത്തവണ ഐ.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് കനത്ത മത്സരമാണ്. 3200ഓളം അംഗങ്ങൾ ഐ.സി.ബി.എഫിനും 2600ഓളം ഐ.സി.സിക്കുമുണ്ട്. നിലവിലെ ഐ.സി.ബി.എഫ് പ്രസിഡൻറായ പി.എൻ. ബാബുരാജനാണ് ഇത്തവണ ഐ.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജൂട്ടാസ് പോൾ ആണ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റൊരു പ്രമുഖൻ. നിലവിൽ ഐ.സി.ബി.എഫ് മാനേജ്മെൻറ് കമ്മിറ്റി അംഗമാണ് ജൂട്ടാസ്. കടുത്ത മത്സരത്തിനാണ് അണിയറയിൽ അരങ്ങൊരുങ്ങുന്നത്. കോൺഗ്രസിെൻറ പ്രവാസി സംഘടനയായ ഇൻകാസിെൻറ പിന്തുണ ജൂട്ടാസിനാണ്.
പുതിയ ആളുകൾ മത്സരരംഗത്തേക്ക് വരട്ടെയെന്നതാണ് തങ്ങളുെട നിലപാടെന്ന് ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമല പ്രതികരിച്ചു. അപെക്സ് സംഘടനയുടെ നിലവിലുള്ള പ്രസിഡൻറുമാർ രണ്ട് വർഷത്തേക്കെങ്കിലും മത്സരംഗത്തുനിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ട് എംബസിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഏത് സ്ഥാനത്തേക്ക് മത്സരിക്കുന്നയാൾ ആണെങ്കിലും പരിചയസമ്പത്തുള്ളവർ ആയിരിക്കണമെന്നാണ് തെൻറ നിലപാടെന്ന് പി.എൻ. ബാബുരാജൻ പ്രതികരിച്ചു. 1996ൽ ഐ.സി.ബി.എഫ് അംഗത്വം നേടിയ താൻ വർഷങ്ങൾ പ്രവർത്തിച്ചശേഷം 2004ലാണ് മാനേജ്മെൻറ് കമ്മിറ്റി അംഗമാകുന്നത്.
ഐ.സി.ബി.എഫ് പ്രസിഡൻറ് എന്ന നിലയിൽ സമാനതകളില്ലാത്ത ക്ഷേമപ്രവർത്തനങ്ങളാണ് നടത്തിയത്. അതിെൻറ അടിസ്ഥാനത്തിലാണ് ഇത്തവണ ഐ.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അപെക്സ് സംഘടനകൾക്ക് ആസ്ഥാനമായി പുതിയ ഇൻറർഗ്രേറ്റഡ് ഇന്ത്യൻ കമ്യൂണിറ്റി സെൻറർ അടക്കം കൊണ്ടുവരാനായെന്നും പി.എൻ. ബാബുരാജൻ പറഞ്ഞു. ഡോ. മോഹൻ തോമസ്, ഷറഫ് പി. ഹമീദ് എന്നിവരാണ് ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഷറഫ് പി. ഹമീദ് നിലവിൽ വൈസ്പ്രസിഡൻറാണ്. ഐ.സി.ബി.എഫ് പ്രസിഡൻറ് സ്ഥാനത്തേക്ക് മാനേജ്മെൻറ് കമ്മിറ്റി അംഗവും സ്പോൺസർഷിപ് ആൻഡ് ഇവൻറ്സ് ഹെഡുമായ സിയാദ് ഉസ്മാനാണ് മത്സരിക്കുന്നത്. നിലവിലെ ജോ. സെക്രട്ടറി സന്തോഷ് കുമാർ പിള്ളയും ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
ഇത്തവണ ഓൺലൈൻ തെരഞ്ഞെടുപ്പ്
മൂന്ന് അപെക്സ് സംഘടനകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 26നാണ് നടക്കുക. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനായാണ് തെരഞ്ഞെടുപ്പ്. നാമനിർദേശകപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 13 ആണ്. 16 ആണ് പിൻവലിക്കാനുള്ള അവസാന തീയതി. 18ന് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. പ്രസിഡൻറ്, നാല് മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 26ന് നടക്കും. തെരഞ്ഞെടുപ്പിെൻറ സമയം പിന്നീട് അറിയിക്കും. അനുബന്ധ സംഘടനകളിൽ നിന്നുള്ള മൂന്ന് എം.സി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഡിസംബർ 26ന് നടക്കും. സമയം പിന്നീട് അറിയിക്കും. അന്നുതന്നെ ഫലപ്രഖ്യാപനവും ഉണ്ടാകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
അതേസമയം, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽസ് കൗൺസിൽ (ഐ.ബി.പി.സി) സംഘടനയുെട തെരഞ്ഞെടുപ്പ് തൽക്കാലം നടക്കില്ല. ഭരണത്തിനായി അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കുകയാണ് ഐ.ബി.പി.സിയുടെ കാര്യത്തിൽ ചെയ്യുക. ഈ കമ്മിറ്റി കാര്യങ്ങൾ പരിശോധിച്ചശേഷം മാത്രമായിരിക്കും ഐ.ബി.പി.സിയുടെ കാര്യത്തിൽ തുടർതീരുമാനങ്ങളെടുക്കുക. ഖത്തറിലെ ബിസിനസ് മേഖലയിലെ പ്രമുഖരെ ഐ.ബി.പി.സിയിൽ കൊണ്ടുവന്ന് ഇന്ത്യക്കും ഖത്തറിനുമിടയിലെ വാണിജ്യതാൽപര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്നതും എംബസി ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.