ഐ.സി.സി കാർണിവൽ ഉദ്ഘാടന ചടങ്ങിൽ അംബാസഡർ വിപുലിന് ഉപഹാരം സമ്മാനിക്കുന്നു
ഐഡിയൽ സ്കൂളിൽ നടന്ന ഐ.സി.സി കാർണിവലിന്റെ സദസ്സ്
ദോഹ: പാട്ടും നൃത്തവും സാംസ്കാരിക ആഘോഷങ്ങളും വൈവിധ്യമാർന്ന പ്രദർശനങ്ങളും വിൽപനയുമായി ഇന്ത്യക്കാരുടെ മഹോത്സവമായി ഐ.സി.സി ഇന്ത്യൻ കാർണിവൽ. രണ്ടു ദിനങ്ങളിലായി ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന കാർണിവലിലേക്കായി ഒഴുകിയെത്തിയത് പതിനായിരങ്ങൾ.
വ്യാഴാഴ്ച വൈകുന്നേരം ഖത്തറിലെ വിവിധ സാംസ്കാരിക സംഘടനകളുടെയും സ്കൂളുകളിലെയും വിദ്യാർഥികൾ മുതൽ അവതരിപ്പിച്ച കലാവിരുന്നിലൂടെ തുടങ്ങിയ കാർണിവൽ രണ്ടാം ദിവസമായി വെള്ളിയാഴ്ച മേളപ്പെരുക്കത്തിലേക്ക് കൊട്ടിക്കയറി.
വൈകുന്നേരം ഐഡിയൽ സ്കൂളിലെ മൈതാനത്ത് നടന്ന മെഗാ തിരുവാതിരയും ഗർബ നൃത്തവും കുമ്മികളിയും ചെണ്ടമേളവുമായാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. 200ഓളം പേർ പങ്കെടുത്ത ഗർബ നൃത്തം കാഴ്ചക്കാർക്ക് ഹൃദ്യമായ അനുഭവം സമ്മാനിച്ചു. പരായ്, ദോൾ താഷ തുടങ്ങി പരമ്പരാഗത കലാരൂപങ്ങൾ അരങ്ങേറിയപ്പോൾ ഇന്ത്യയുടെ തെക്ക്-വടക്ക് സാംസ്കാരിക ആഘോഷങ്ങളാൽ കാർണിവൽ വേദി സമ്പന്നമായി.
ഐഡിയൽ സ്കൂളിൽ നടന്ന ഐ.സി.സി കാർണിവലിന്റെ സദസ്സ്
രാത്രി ഏഴു മണിയോടെ കാർണിവൽ വേദിയിലെ ഇരിപ്പിടിങ്ങളും നിറഞ്ഞ്, മൈതാനവും ഉത്സവപ്പറമ്പായി മാറി. രാത്രി എട്ടുമണിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി. ഖത്തർ ഷൂട്ടിങ് ഫെഡറേഷൻ ടെക്നികൽ ചെയർമാൻ അബ്ദുല്ല അൽ ഹമദി പ്രത്യേക അതിഥിയായി.
ആഭ്യന്തര മന്ത്രാലയം കമ്യൂണിറ്റി പൊലീസിങ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഇബ്രാഹിം അൽ സുമൈഹ്, വർകേഴ്സ് സ്പോർട്ട് ആന്റ് ഇൻഷുറൻസ് ഫണ്ട് ഉപദേഷ്ടാവ് ഡോ. അബ്ദുല്ല അഹമ്മദ് അൽ മുഹന്നദി, ഹ്യൂമൻറൈറ്റ്സ് വിഭാഗം പ്രതിനിധി ക്യാപ്റ്റൻ നാസർ മുബാറക് അൽ ദോസരി, ഹെഡ് ഓഫ് ഒക്യുപ്പേഷനൽ സേഫ്റ്റി ഡോ.മുഹമ്മദ് അൽ ഹജ്ജാജ്, ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, പൊതുജനാരോഗ്യ വിഭാഗം തുടങ്ങി സർക്കാർ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഐ.സി.സി കാർണിവൽ സുവനീർ അംബാസഡർ വിപുൽ പ്രകാശനം നിർവഹിച്ചു.
ഖത്തറും ഇന്ത്യയും തമ്മിലെ സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിൽ ഇത്തരം ആഘോഷങ്ങളുടെ പ്രാധാന്യം വിശദീകരിച്ച അംബാസഡർ, ഇന്ത്യയുടെ ഉത്സവം പ്രവാസമണ്ണിൽ വിജയകരമായി സംഘടിപ്പിക്കുന്ന ഐ.സി.സിയെ അഭിനന്ദിക്കുകയും ചെയ്തു.
സംഗീതനിശയിൽ അനുപ് ശങ്കർ പാടുന്നു
നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ വിളംബരം കൂടിയാണ് ഇത്തരം ആഘോഷങ്ങളെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ ജോസഫ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എ.പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ചെയർമാൻ പി.എൻ ബാബുരാജൻ സംസാരിച്ചു.
വൈസ് പ്രസിഡന്റ് ശാന്താനു ദേശ്പാണ്ഡെ നന്ദി പറഞ്ഞു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ പ്രദീപ് പിള്ള, അഫ്സൽ അബ്ദുൽ മജീദ്, ബിശ്വജിത്ത് ബാനർജി, നന്ദിനി അബ്ബഗൗനി, രാകേഷ് വാഗ്, രവീന്ദ്ര പ്രസാദ്, സന്ദീപ് ശ്രീറാംറെഡ്ഡി, അനു ശർമ, വെങ്കപ്പ ഭഗവതുലെ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനു ശേഷം പ്രശസ്ത പിന്നണി ഗായകൻ അനുപ് ശങ്കർ നയിച്ച സംഗീത നിശ ശ്രദ്ധേയമായി.
രാത്രി 12 മണിവരെ നീണ്ടു നിന്ന സംഗീത പരിപാടിയിൽ മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ഗാനങ്ങൾ അവതരിപ്പിച്ചു. കാർണിവലിനോട് അനുബന്ധിച്ച് ഐ.സി.സി ഫോട്ടോഗ്രഫി ക്ലബ് ചിത്രപ്രദർശനവും, ഫിലിം ക്ലബിന്റെ പ്രദർശനവും ഒരുക്കിയിരുന്നു. ഭക്ഷ്യമേളയും വിപണന മേളയും ഉൾപ്പെടെ സ്റ്റാളുകളിലും തിരക്ക് അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.