ദോഹ: ഫിഫ അറബ് കപ്പ് അടക്കം വിവിധ അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുക്കുന്നതിനും ആസ്വദിക്കുന്നിനും ഖത്തറിലേക്കുള്ള ജി.സി.സി റെസിഡൻസിന് ഹയ്യ വിസ കാലാവധി വർധിപ്പിച്ചു. ഖത്തർ ടൂറിസം, ആഭ്യന്തര മന്ത്രാലയം, സന്ദർശക പ്രവേശന മാനേജ്മെന്റിനായുള്ള സ്റ്റാൻഡിങ് കമ്മിറ്റി എന്നിവരുമായി സഹകരിച്ച് നടപ്പാക്കിയ പുതിയ പരിഷ്കാരത്തിലൂടെ ഹയ്യ എ 2ൽ എത്തുന്നവർക്ക് രണ്ട് മാസത്തേക്ക് ഖത്തറിൽ മൾട്ടിപ്ൾ എൻട്രി സാധ്യമാണ്. നിലവിൽ 30 ദിവസമായിരുന്നു ജി.സി.സി റെസിഡൻസിനായുള്ള ഹയ്യ എ 2 വിസയുടെ കാലാവധി. ഫീസ് അടച്ച് 30 ദിവസം കൂടി വിസ നീട്ടാനും സൗകര്യമുണ്ടായിരുന്നു. എന്നാൽ, പുതിയ മാറ്റത്തോടെ ഇതിന്റെ ആവശ്യം ഇനി വേണ്ടിവരില്ല. എ 2 വിസയിൽ ഖത്തറിൽ എത്തുന്നവർക്ക് രണ്ട് മാസത്തേക്ക് രാജ്യത്ത് തങ്ങാനും മൾട്ടിപ്ൾ എൻട്രിക്കും സാധ്യമാണ്. നവംബർ 30ന് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
ഫിഫ അറബ് കപ്പ് അടക്കം വിവധ അന്താരാഷ്ട്ര കായിക, സാംസ്കാരിക, വിനോദ പരിപാടികൾക്കാണ് അടുത്ത മാസങ്ങളിൽ ഖത്തർ വേദിയാകുന്നത്. ഇതോടനുബന്ധിച്ച് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറിലേക്കുള്ള യാത്ര കൂടുതൽ സുഗമവും സൗകര്യപ്രദവുമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ ഏർപ്പെടുത്തിയത്.
സന്ദർശകർക്ക് വൈവിധ്യമാർന്ന പരിപാടികളിൽ പങ്കെടുക്കാൻ ഇതിലൂടെ അവസരമൊരുങ്ങും. ജി.സി.സി താമസക്കാരുടെ പ്രവേശനം സുഗമമാക്കുന്നതിലൂടെ, ഖത്തർ ടൂറിസം കൂടുതൽ സന്ദർശകരെ സീസണിലെ പരിപാടികൾ ആസ്വദിക്കാൻ സ്വാഗതം ചെയ്യുകയാണ്.
ഖത്തർ ടൂറിസം നിയന്ത്രണത്തിലുള്ള ഹയ്യ, ഖത്തറിന്റെ ഔദ്യോഗിക ഇ-വിസ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്. ഹയ്യ പ്ലാറ്റ്ഫോമിലൂടെ, തിരക്കേറിയ സമയങ്ങളിൽ പോലും വിസ അനുബന്ധമായി സുഗമമായ അനുഭവവും മികച്ച പ്രവർത്തന സന്നദ്ധതയുമാണ് ഉറപ്പാക്കുന്നത്. നിലവിൽ എ1,എ2,എ3,എ4,എഫ്1 എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് ഹയ്യ വിസ ലഭ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.