ദോഹ: അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ്, ഉംറ ഏജൻസികൾക്കെതിരെ നടപടികളുമായി ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ്. ലൈസൻസും രജിസ്ട്രേഷനുമില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഖത്തറിൽനിന്നും ഹജ്ജിനും ഉംറക്കുമായി പുറപ്പെടുന്ന സ്വദേശികളും താമസക്കാരുമായ വിശ്വാസികളുടെ സുരക്ഷിതമായ തീർഥാടനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ കർശനമായ പരിശോധനയും പ്രചാരണവും ആരംഭിക്കുന്നത്.
സൗദിയിലെ പുണ്യഭൂമിയിലേക്ക് പുറപ്പെടുന്നവർ നിയമവിധേയമായ ഏജൻസികൾക്കൊപ്പമാണ് സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് നിർദേശിച്ചു. ഹജ്ജിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ നടപ്പാക്കിയ ‘അനുമതിയില്ലാതെ ഹജ്ജില്ല’ എന്ന കാമ്പയിനിന്റെ ഭാഗമായാണ് ഖത്തറിലെ ഇസ്ലാമിക മതകാര്യ മന്ത്രാലയവും പരിശോധനകളും പ്രചാരണങ്ങളും ആരംഭിച്ചത്.
ഹജ്ജ്, ഉംറ തീർഥാടനം സംഘടിപ്പിക്കുന്ന ഏജൻസികൾക്ക് നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ബന്ധപ്പെട്ട വകുപ്പിൽനിന്നുള്ള ലൈസൻസ് ആവശ്യമാണെന്ന് ഔഖാഫ് മന്ത്രാലയം വ്യക്തമാക്കി. ലൈസൻസില്ലാത്ത ഓഫിസുകളുമായും സ്ഥാപനങ്ങളുമായും ചേർന്ന് തീർഥാടനം നടത്തുന്നതിനെതിരെയും അധികൃതർ മുന്നറിയിപ്പ് നൽകി.
ഹജ്ജ്, ഉംറ ഏജൻസികൾ അനുമതിയുടെ അടിസ്ഥാനത്തിൽ നിയമവിധേയമായാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കാൻ ജുഡീഷ്യൽ പൊലീസ് പരിശോധന നടത്തും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
അതേസമയം, ഹജ്ജിനും ഉംറക്കുമായി പുറപ്പെടാൻ ആഗ്രഹിക്കുന്ന സ്വദേശികളും താമസക്കാരും ബന്ധപ്പെട്ട സ്ഥാപനത്തിന് അംഗീകാരമുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഹജ്ജ്, ഉംറ കാര്യ വകുപ്പിന്റെ വെബ്സൈറ്റിൽ (wഅംഗീകാരമില്ലാത്ത ഏജൻസികൾക്കെതിരെ നടപടികളുമായി ഔഖാഫ് ഹജ്ജ് വിഭാഗം
) അംഗീകൃത ഏജൻസികളും പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹജ്ജ്, ഉംറ ഏജൻസികൾ, പ്രധാന ആപ്ലിക്കേഷനുകൾ ഉൾപ്പെടെയുള്ള വിവരങ്ങളെല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.